സിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി ?

Update: 2024-12-08 08:54 GMT

ദമസ്‌കസ്: സിറിയയിലെ അറബ് വസന്തം ഹയാത് താഹിര്‍ അല്‍ ശാമിന്റെ നേതൃത്വത്തിലുള്ള വിമത സൈന്യം ദമസ്‌കസ് പിടിച്ചെടുക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. 1963 മാര്‍ച്ച് എട്ട് മുതല്‍ തുടങ്ങിയ ബാത്ത് പാര്‍ട്ടിയുടെ ഭരണമാണ് ഡിസംബര്‍ എട്ടിന് അവസാനിച്ചിരിക്കുന്നത്. 2000 ജൂലൈ മുതല്‍ നീണ്ട 24 വര്‍ഷം സിറിയ ഭരിച്ച ബശ്ശാറുല്‍ അസദ് രാജ്യവും വിട്ടു. അസദിന്റെ പ്രതിമകളുടെ തലകള്‍ കൊണ്ട് വിമതര്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങളും വൈറലായി കൊണ്ടിരിക്കുകയാണ്. ഹുംസ് നഗരത്തിലെ ഖാലിദ് ബിന്‍ വലീദിന്റെ മസ്ജിദിലും വിമതസൈനികര്‍ പ്രാര്‍ത്ഥനക്കെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

 വെറും മൂന്നു ദിവസം കൊണ്ടാണ് അഹമദ് അല്‍ ശര്‍അ എന്ന അബൂ മുഹമ്മദ് അല്‍ ജൂലാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹയാത് താഹിര്‍ അല്‍ ശാമും സഖ്യകക്ഷികളും സിറിയയിലെ ആലപ്പോ നഗരം പിടിച്ചെടുത്തത്. തുടര്‍ന്ന് ഹൊംസും ദമസ്‌കസും മിന്നല്‍വേഗത്തില്‍ പിടിച്ചെടുത്തു. ഇനി സിറിയയില്‍ എന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ അബൂ മുഹമ്മദ് അല്‍ ജൂലാനിയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.

താഹിര്‍ അല്‍ ശാം സ്ഥാപകനായ അബു മുഹമ്മദ് അല്‍ ജൂലാനി 1982ല്‍ സൗദി അറേബ്യയിലെ റിയാദിലാണ് ജനിച്ചത്. 1989ല്‍ കുടുംബം സിറിയയില്‍ തിരിച്ചെത്തി ദമസ്‌കസിന് സമീപത്തെ മസെ പ്രദേശത്ത് താമസിച്ചു. 1967ലെ സയണിസ്റ്റ്-അറബ് യുദ്ധത്തില്‍ സിറിയയില്‍ നിന്ന് ഇസ്രായേല്‍ ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്തപ്പോള്‍ ഓടിപ്പോവേണ്ടി വന്ന കുടുംബത്തിന്റെ പിന്‍ഗാമിയും കൂടിയാണ് ഇയാള്‍.

golan heights

 

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

അറബ് നാടുകളില്‍ യുഎസ് നടത്തുന്ന അധിനിവേശത്തിനെതിരെ അല്‍ ഖ്വാഇദ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചത് അബൂ ജൂലാനിയെ സ്വാധീനിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇറാഖില്‍ യുഎസ് അധിനിവേശം നടത്തുന്ന 2003ല്‍ ഇറാഖിലേക്ക് പോയി അല്‍ ഖ്വാഇദയില്‍ ചേര്‍ന്നു. അബു മുസാബ് അല്‍ സര്‍ഖാവിയുടെ നേതൃത്വത്തിലാണ് അന്ന് അല്‍ ഖ്വാഇദ ഇറാഖില്‍ പ്രവര്‍ത്തിച്ചിരുന്നത്.

2006ല്‍ സൈന്യത്തിന്റെ പിടിയിലായ അല്‍ ജൂലാനി അഞ്ച് വര്‍ഷം ജയിലില്‍ അടക്കപ്പെട്ടു. അതിന് ശേഷം സിറിയയില്‍ അല്‍ ഖ്വാഇദയുടെ ഘടകമായ അല്‍ നുസ്‌റ രൂപീകരിക്കുന്നതില്‍ മുഴുകി. തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള ഇദ്‌ലിബായിരുന്നു പ്രധാന പ്രവര്‍ത്തന കേന്ദ്രം.


AL NUSRA FLAG

അല്‍ ഖ്വാഇദയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ സംഘടനയുടെ തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എന്നാല്‍, 2013ല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അല്‍ ഖ്വാഇദയുമായുള്ള ബന്ധം വിഛേദിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലവന്ത് (ഐസ്‌ഐഎല്‍) രൂപീകരിച്ചു. അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് കൂറു പ്രഖ്യാപിക്കുന്നതിന് പകരം അല്‍ ഖ്വാഇദയുടെ അയ്മന്‍ അല്‍ സവാഹരിയോടാണ് അല്‍ ജൂലാനി കൂറു പ്രഖ്യാപിച്ചത്. പക്ഷെ, സംഘടനയിലെ ഭൂരിപക്ഷം പേരും പുതിയ സംഘടനയിലാണ് ചേര്‍ന്നത്.

            ഉസാമ ബിന്‍ലാദനും ഡോ. അയ്മന്‍ അല്‍ സവാഹിരിയും

എന്നാല്‍, അല്‍ ജൂലാനി അല്‍ ഖ്വാഇദയുടെ ഭാഗമായി തുടര്‍ന്നു. 2014 ജൂലൈ നാലിന് ഇറാഖിലെ മൊസൂളിലെ അല്‍ നൂരി പള്ളിയില്‍ നിന്ന് അബൂബക്കര്‍ അല്‍ബാഗ്ദാദി പ്രസംഗിച്ചു. ഖിലാഫത്ത് പുനസ്ഥാപിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. സംഘടനയായിരിക്കും ഇനി സിറിയയും ഇറാഖും ഭരിക്കുകയെന്നും പ്രഖ്യാപനമുണ്ടായി.

അബൂബക്കര്‍ അല്‍ ബാഗ്ദാദി-2014

പിന്നീടുള്ള വര്‍ഷങ്ങളില്‍ ആഗോള ഖിലാഫത്ത് സ്ഥാപിക്കണമെന്ന അല്‍ ഖ്വയിദയുടെ ആശയങ്ങളോട് അബൂ ജൂലാനി വിയോജിപ്പ് പ്രകടിപ്പിച്ചു. സിറിയക്ക് അകത്ത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന ആശയമാണ് പകരം മുന്നോട്ടുവച്ചത്. 2016ല്‍ റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ വിമതരില്‍ നിന്നും സിറിയന്‍ സര്‍ക്കാര്‍ സൈന്യം അലപ്പോ നഗരം തിരിച്ചുപിടിച്ചു. ഈ സമയത്ത് ജബ്ഹത് ഫതഹ് അല്‍ ശാം എന്ന സംഘടനയിലേക്ക് അല്‍ ജൂലാനി പോയി.അലപ്പോ നഗരം അസദിന്റെ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയതോടെ അവിടെ നിന്ന് പലായനം ചെയ്ത വിമതസൈനികര്‍ ഇദ്‌ലിബിലേക്ക് എത്തി. അവരെയെല്ലാം കൂട്ടി യോജിപ്പിച്ചാണ് 2017ല്‍ ഹയാത് താഹിര്‍ അല്‍ ശാം രൂപീകരിച്ചത്. അസദിന്റെ ഏകാധിപത്യഭരണത്തില്‍ നിന്ന് സിറിയയെ മോചിപ്പിക്കലാണ് ലക്ഷ്യമെന്നാണ് സംഘടന പ്രഖ്യാപിച്ചത്. സിറിയയില്‍ നിന്ന് ഇറാനിയന്‍ രഹസ്യ പോരാളികളെ നീക്കുമെന്നും സംഘടന അറിയിച്ചു.


സിറിയയിലെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നാണ് അലപ്പോ പിടിച്ച ശേഷം അല്‍ ജൂലാനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്‌ലിബില്‍ ഹര്‍കത് നൂറുല്‍ ദീന്‍ അല്‍ സിന്കി, ലിവ അല്‍ ഹഖ്, ജയിശ് അല്‍ സുന്ന തുടങ്ങിയ സംഘടനകളുമായാണ് അല്‍ ജൂലാനിക്ക് സഖ്യമുള്ളത്. മുന്‍ സഖ്യകക്ഷിയായ അല്‍ ഖ്വാഇദയുടെ ഹുറാസുല്‍ ദീന്‍ എന്ന സംഘടനയുമായി ബന്ധമില്ല.

നിലവില്‍ ഐക്യരാഷ്ട്രസഭയും തുര്‍ക്കിയും യുഎസും യൂറോപ്യന്‍ യൂണിയനും താഹിര്‍ അല്‍ ശാമിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ബന്ധങ്ങളെല്ലാം ഒഴിവാക്കി സിറിയയുടെ കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്ന തങ്ങളെ  ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് അനീതിയാണെന്നാണ് അല്‍ ജൂലാനിയുടെ പക്ഷം.

Tags:    

Similar News