കൊവിഡ് പടരുന്നു, മതിയായ ചികില്‍സയില്ല; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ജീവന്‍ അപകടത്തില്‍

അടുത്ത ദിവസങ്ങളില്‍ ചില തടവുകാര്‍ ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തതായും വിവരമുണ്ട്. എന്നിട്ടും ജയില്‍ കവാടം തുറക്കുകയോ പുറത്തുള്ള ആശുപത്രിയിലേക്ക് ചികില്‍സയ്ക്കായി കൊണ്ടുപോവുകയോ ചെയ്തിട്ടില്ലത്രേ.

Update: 2021-04-26 11:32 GMT

കണ്ണൂര്‍: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രോഗം പടരുമ്പോഴും മതിയായ ചികില്‍സാ സംവിധാനങ്ങളില്ലെന്ന് ആക്ഷേപം. ജയില്‍ അന്തേവാസികള്‍ക്കു പുറമെ ജീവനക്കാര്‍ക്കു കൂടി കൊവിഡ് ബാധിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പുറത്തെ ആശുപത്രികളിലെത്തിച്ച് മതിയായ ചികില്‍സ നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ജയിലില്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിസന്ധിയുള്ളത് തടവുകാരുടെ ജീവന്‍ അപകടാവസ്ഥയിലാക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ 71 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസംതോറും പരിശോധനയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.   


കൊവിഡ് സ്ഥിരീകരിച്ചവരെ ബ്ലോക്ക് മാറ്റാനോ മതിയായ ചികില്‍സ നല്‍കാനോ സംവിധാനമില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ ശേഷം എല്ലാവരെയും ഒന്നിച്ചാണ് താമസിപ്പിക്കുന്നത്. മൂന്നോ നാലോ ദിവസം കഴിഞ്ഞ് പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അതുവരെ എല്ലാവരും ഒന്നിച്ചു കഴിയുന്നതിനാല്‍ മറ്റുള്ളവര്‍ക്കും രോഗം പടരുകയാണ്. ഇക്കഴിഞ്ഞ 20ന് നടത്തിയ പരിശോധനാ ഫലം 25നു ലഭിച്ചപ്പോഴാണ് രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിഞ്ഞത്. നേരത്തേ നടത്തിയ പരിശോധനയിലും ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജയിലിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കൂട്ടത്തോടെ കൊവിഡ് പടരുകയാണ്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. ഇതോടെ മൊത്തം 154 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലിലെ ചപ്പാത്തി യൂനിറ്റ്, കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ തടവുകാര്‍ നടത്തുന്ന പെട്രോള്‍ പമ്പ് എന്നിവ ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്ന് അടച്ചു.   


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഓരോ ബ്ലോക്കിലും 90 മുതല്‍ 100 പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കൊവിഡ് പരിശോധന നടത്തുമ്പോള്‍ മുഴുവന്‍ പേരെയും നടത്തും. രണ്ടു ഘട്ടമായി പരിശോധന നടത്തിയെങ്കിലും പിന്നീട് ഇവരെയെല്ലാം ഒന്നിച്ചാണ് താമസിപ്പിച്ചിരുന്നത്. ഫലം പുറത്തുവന്നതോടെ മിക്ക ബ്ലോക്കുകളിലും രോഗികളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ബ്ലോക്ക് മാറ്റല്‍ ഉള്‍പ്പെടെയുള്ളവ വന്‍ പ്രതിസന്ധിയായി. മൂന്നാം ബ്ലോക്ക്, നാലാം ബ്ലോക്ക്, ഏഴാം ബ്ലോക്ക്, ന്യൂ ബ്ലോക്ക് എന്നിവയില്‍ കൊവിഡ് രോഗികളുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് 1, 2, 5, 6 ബ്ലോക്കുകളുള്ളത്. ഇതില്‍ തന്നെ ആരൊക്കെയാണ് നെഗറ്റീവ്, പോസിറ്റീവ് എന്ന് തിരിച്ചറിയാനായിട്ടില്ല.

   ദിവസങ്ങള്‍ക്കുള്ളില്‍ 144 തടവുകാരും 10 ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരെ ജയിലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും ഇതും അശാസ്ത്രീയമായി തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ നിലവില്‍ ഒരു ഡോര്‍മിറ്ററി സംവിധാനമുള്ള ഒരു പ്രത്യേക ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് തീരെ അപര്യാപ്തമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

    മുമ്പ് കൊവിഡ് സാധ്യത കണക്കിലെടുത്ത് അവശതയുണ്ടാവുന്ന അന്തേവാസികള്‍ക്ക് പ്രത്യേക ഭക്ഷണവും പ്രത്യേക മെനുവും ഉള്‍പ്പെടെ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

    കൊവിഡ് പോസിറ്റീവായവരെ മാത്രം ചില ബ്ലോക്കുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനാണു ശ്രമം നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ചില തടവുകാര്‍ ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തതായും വിവരമുണ്ട്. എന്നിട്ടും ജയില്‍ കവാടം തുറക്കുകയോ പുറത്തുള്ള ആശുപത്രിയിലേക്ക് ചികില്‍സയ്ക്കായി കൊണ്ടുപോവുകയോ ചെയ്തിട്ടില്ലത്രേ. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില തടവുകാര്‍ ബഹളമുണ്ടാക്കിയതായും ടവറിലേക്ക് പരാതി പറയാനെത്തിയ ഒരു തടവുകാരന്‍ കുഴഞ്ഞുവീണതായും വിവരമുണ്ട്. വയോധികര്‍ ഉള്‍പ്പെടെയുള്ള തടവുകാരുടെ ആരോഗ്യസ്ഥിതി ഏറെ പരിതാപകരമാണ്. പരോള്‍ സാധ്യതയുള്ളവരെല്ലാം അതിനു വേണ്ടിയുള്ള ശ്രമം നടത്തുകയാണ്. നേരത്തേ തന്നെ തടവുകാരുടെ എണ്ണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും സംസ്ഥാനത്തെ ജയിലുകളിലും വളരെ കൂടുതലാണ്. ഇത് സാധാരണ സമയത്തും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തടവുകാരുടെ വര്‍ധനവും ചികില്‍സാ അസൗകര്യങ്ങളും അത്യന്തം ആശങ്കയയുര്‍ത്തുകയാണ്.

Covid spreads, not treated; lives of the prisoners in Kannur Central Jail are in danger

Tags:    

Similar News