കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക്;സ്വമേധയ കേസെടുത്ത് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ അനിയന്ത്രിതമായി ആളുകള്‍ തിങ്ങികൂടാന്‍ ഇടയായാല്‍ അത് വലിയ തോതില്‍ രോഗ വ്യാപനത്തിനിടയാക്കുമെന്നും കോടതി നീരീക്ഷിച്ചു.എന്തുകൊണ്ടാണ് കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാത്തതെന്നും കോടതി ചോദിച്ചു

Update: 2021-05-04 10:44 GMT

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരിക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ കേസെടുത്തു.സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി,എന്‍ച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍,കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍, സംസ്ഥാന പോലിസ് മേധാവി എന്നിവരെയും കോടതി കേസില്‍ കക്ഷി ചേര്‍ത്തു.

വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ അനിയന്ത്രിതമായി ആളുകള്‍ തിങ്ങികൂടാന്‍ ഇടയായാല്‍ അത് വലിയ തോതില്‍ രോഗ വ്യാപനത്തിനിടയാക്കുമെന്നും കോടതി നീരീക്ഷിച്ചു.എന്തുകൊണ്ടാണ് കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാത്തതെന്നും കോടതി ചോദിച്ചു.മതിയായ വാക്‌സിന്‍ ഇല്ലെന്നാണ് ഇത്തരത്തിലുള്ള തിരക്ക് ചൂണ്ടിക്കാണിക്കുന്നതെന്നും വാക്‌സിന്‍ ലഭിക്കുമോയെന്ന് ജനങ്ങള്‍ ഭയപ്പെടുന്നുണ്ടെന്നും കോടതി നീരീക്ഷിച്ചു.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പുറത്ത് കൂടുതല്‍ പോലിസിനെ നിയോഗിക്കണമെന്നും എന്നാല്‍ വാക്‌സിനെടുക്കാന്‍ വരുന്നവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും കോടതി സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.അനിയന്ത്രിതമായി ഒരു വാക്‌സിന്‍ കേന്ദ്രത്തിലും തിരക്കുണ്ടാകാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കേസ് വീണ്ടും ഈ മാസം ഏഴിന് പരിഗണിക്കാന്‍ മാറ്റി.

Tags:    

Similar News