തൂക്കുകയര്‍ തന്നെ; നിര്‍ഭയ കേസിലെ പുനപ്പരിശോധനാ ഹര്‍ജി തള്ളി
പുതിയ കാര്യങ്ങളൊന്നും പുനപ്പരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് പുനപ്പരിശോധന ഹര്‍ജി തള്ളിയത്. മറ്റ് മൂന്ന് പ്രതികളുടെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.
ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയകേസില്‍ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രിംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപ്പരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് പുനപ്പരിശോധന ഹര്‍ജി തള്ളിയത്. മറ്റ് മൂന്ന് പ്രതികളുടെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.
എന്നാല്‍, രാഷ്ട്രീയ പ്രേരിതമായാണ് വധശിക്ഷ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നതെന്നും മാധ്യമങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഇത്തരം വാദങ്ങളെല്ലാം നേരത്തെ ഉന്നയിച്ചതാണെന്നും സമയം ചെലവഴിക്കാനില്ലെന്നും കോടതി മറുപടി നല്‍കി.
പുനപ്പരിശോധന എന്നാല്‍ പുനര്‍വിചാരണയല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സുപ്രിംകോടതി വിധിക്കെതിരേ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നാണ് പ്രതിയുടെ അഭിഭാഷകന്റെ പ്രതികരണം. സുപ്രിംകോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിക്ക് വേണമെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ട്.
ദയാഹര്‍ജി നല്‍കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതിയുടെ അഭിഭാഷകന്‍ എപി സിങിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ദയാ ഹര്‍ജി നല്‍കാന്‍ മൂന്ന് ആഴ്ചത്തെ സാവകാശം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.
നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ പുനപ്പരിശോധന ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്.
കേസില്‍ നീതി പൂര്‍വമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. പ്രതികള്‍ക്ക് അനുകൂലമായ മൊഴി നല്‍കാനിരുന്ന ആളെ കള്ള കേസില്‍ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എ പി സിങ് വാദിച്ചു. വധശിക്ഷക്കായി മുറവിളി കൂട്ടുന്ന ഡല്‍ഹി സര്‍ക്കാര്‍ നിലപാടിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും പുനപ്പരിശോധന ഹര്‍ജിയില്‍ പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു.
പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയിരുന്നു. കേസില്‍ മുന്‍പ് തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്‌ഡേ ഹാജരായിരുന്നു.
അക്ഷയ്‌യുടെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ഹര്‍ജിക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നായിരുന്നു ഇരയായ പെണ്‍കുട്ടിയുടെ ആവശ്യം. ഇപ്പോഴത്തെ വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കേസില്‍ മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവന്‍ ഗുപ്ത (23), വിനയ് ശര്‍മ (24) എന്നിവര്‍ സമര്‍പ്പിച്ച പുനരവലോകന ഹര്‍ജി കഴിഞ്ഞ ജൂലൈ ഒന്‍പതിന് സുപ്രിം കോടതി തള്ളിയിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗികാതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്.