ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരേ ചുമത്തിയത് വധശിക്ഷ വരെ നല്‍കാവുന്ന കുറ്റം

ഡല്‍ഹി മുസ് ലിം വിരുദ്ധ കലാപം: ഭീകര വിരുദ്ധ നിയമപ്രകാരം അനുബന്ധ കുറ്റപത്രം

Update: 2020-11-23 05:09 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി സമരം നടത്തുന്നവര്‍ക്കു നേരെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തില്‍ കള്ളക്കേസ് ചുമത്തപ്പെട്ട മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലിസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഗീയ കലാപത്തിനു വന്‍തോതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗുരുതരമായ യുഎപിഎ നിയമപ്രകാരമാണ് ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാവുന്ന ആരോപണങ്ങളാണ് പോലിസ് ചുമത്തിയിട്ടുള്ളതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. യുഎപിഎയിയെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍), 16 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം), 18 (ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് 930 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, കുറ്റകൃത്യം നടക്കുമ്പോള്‍ ഹാജരുണ്ടാവല്‍, രാജ്യദ്രോഹം, കലാപം എന്നിവ ഉള്‍പ്പെടെ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അധാര്‍മ്മികത, വഞ്ചന, കുഴപ്പങ്ങളുണ്ടാക്കല്‍, തീയിടല്‍, വീടാക്രമണം, വ്യാജരേഖ ചമയ്ക്കല്‍, ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍, പൊതു സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തുന്ന തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവയും ചുമത്തിയിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസ് ചുമത്തിയ കള്ളക്കേസില്‍ ഉമര്‍ ഖാലിദും ഷാര്‍ജീല്‍ ഇമാമും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നാല്‍, ഫൈസാന്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നു.

    കേസില്‍ പ്രധാന കുറ്റപത്രം സപ്റ്റംബറില്‍ സമര്‍പ്പിച്ചിരുന്നു. സാമൂഹിക-പരിസ്ഥിതി-വിദ്യാര്‍ഥി പ്രക്ഷോഭകരായ പിഞ്ച്ര തോഡ് അംഗങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥികളുമായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ജാമിഅ മില്ലിയ ഇസ് ലാമിയ്യ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ, വിദ്യാര്‍ത്ഥി പ്രവര്‍ത്തക ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം നല്‍കിയിരുന്നത്. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇഷ്റത്ത് ജഹാന്‍, ജാമിയ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍-റഹ്‌മാന്‍, ആക്റ്റിവിസ്റ്റ് ഖാലിദ് സെയ്ഫി, മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്ന്‍, ഷദാബ് അഹ് മദ്, തസ് ലീം അഹ്‌മദ്, സലീം മാലിക്, മുഹമ്മദ് സലീം, അഥാര്‍ ഖാന്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Delhi anti-Muslim Riots: Umar Khalid, Sharjeel Imam Charged Under Stringent Anti-Terror Law


Tags:    

Similar News