ഡല്‍ഹി കലാപം: പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി ആംനസ്റ്റി റിപോര്‍ട്ട്

അധികാരികളില്‍ നിന്നുള്ള സംരക്ഷണമാണ് നിയമപാലകര്‍ക്ക് ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനത്തിനു പ്രചോദനമാവുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ ബിബിസിയോട് വ്യക്തമാക്കി

Update: 2020-08-28 05:21 GMT

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ മുസ് ലിം വിരുദ്ധ കലാപത്തില്‍ പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ അന്വേഷണ റിപോര്‍ട്ട്. കലാപം തടഞ്ഞില്ല, പോലിസ് കലാപാകാരികള്‍ക്കൊപ്പം ചേര്‍ന്നു, ഫോണിലൂടെ സഹായം ചോദിച്ചു വിളിച്ചവര്‍ക്ക് നല്‍കിയില്ല, ഇരകളെ ആശുപത്രിയിലെത്തിക്കുന്നത് തടഞ്ഞു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ആംനസ്റ്റിയുടെ സ്വതന്ത്ര അന്വേഷണ റിപോര്‍ട്ടിലുള്ളത്. കലാപത്തിനിരകളായ 50 പേര്‍, ദൃക്സാക്ഷികള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍, പകര്‍ത്തപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനമാക്കിയാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. കലാപം നടന്ന് ആറുമാസം പിന്നിട്ടിട്ടും സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ ഭീഷണിപ്പെടുത്തുകയാണ്. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച ആരോപണങ്ങളില്‍ ഒരൊറ്റ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലിസ് പ്രവര്‍ത്തിക്കുന്നത്.

   


അധികാരികളില്‍ നിന്നുള്ള സംരക്ഷണമാണ് നിയമപാലകര്‍ക്ക് ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനത്തിനു പ്രചോദനമാവുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ ബിബിസിയോട് വ്യക്തമാക്കി. റിപോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് ആംനസ്റ്റി പോലിസിന്റെ വിശദീകരണം തേടാന്‍ സമീപിച്ചെങ്കിലും ഒരാഴ്ചയ്ക്കു ശേഷവും മറുപടി ലഭിച്ചില്ല. കലാപവേളയില്‍ പോലിസ് കാഴ്ചക്കാരായി നിന്നെന്ന ആരോപണം മാര്‍ച്ച് മാസത്തില്‍ ബിബിസി ഹിന്ദി ലേഖകന്‍ സല്‍മാന്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡല്‍ഹി പോലിസ് ജോയിന്റ് പോലിസ് കമ്മീഷണര്‍ അലോക് കുമാര്‍ നിഷേധിച്ചിരുന്നു.

    പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തെങ്കിലും ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തേ, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനും ഡല്‍ഹി കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതിലും പോലിസ് പക്ഷപാതിത്വം കാട്ടിയെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇരകള്‍ വ്യക്തമാക്കിയതായി ചൂണ്ടിക്കാട്ടിയിരുന്നു.

   


ജെഎന്‍യുവിലെ സംഘര്‍ഷത്തിലും ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാലയിലെ സിഎഎ വിരുദ്ധ സമരത്തിലും ഡല്‍ഹി പോലിസ് പക്ഷപാതപരമായി പെരുമാറിയതിന്റെ തെളിവുകളും റിപോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. 2019 ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ് ലാമിയ്യ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമവും പരാമര്‍ശിക്കുന്നുണ്ട്. ജെഎന്‍യു സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും 40ലേറെ പരാതികള്‍ ലഭിച്ചിട്ടും ഡല്‍ഹി പോലിസ് ഒരു എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ല. അതേസമയം,

    ആക്രമണത്തില്‍ പരിക്കേറ്റ ചില സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തു. അതേസമയം, ബിജെപി നേതാക്കളായ കപില്‍ മിശ്ര, പര്‍വേഷ് വര്‍മ, അനുരാഗ് താക്കൂര്‍ എന്നിവര്‍ക്കെതിരേ വിദ്വേഷ പ്രസംഗത്തിനോ മറ്റോ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുമില്ല.

   


കലാപവേളയില്‍ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചപ്പോള്‍ ആരും അത് എടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് നിരവധി കലാപബാധിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് പോലിസുകാര്‍ ചെരിപ്പ് കൊണ്ട് അടിച്ചത് വിവരിക്കുന്ന വീഡിയോയും അതിലൊരാള്‍ തന്റെ മകനെ 36 മണിക്കൂര്‍ ജയിലിലടച്ചതായും വ്യക്തമാക്കുന്നു. മകന്റെ കസ്റ്റഡി രേഖകളൊന്നും തനിക്ക് നല്‍കിയിട്ടില്ലെന്നും നിയമപ്രകാരം കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ മകനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാമെന്നും മാതാവ് പറയുന്നു. ഇത്തരത്തില്‍ കലാപബാധിത മേഖലകളിലെത്തി തയ്യാറാക്കിയ റിപോര്‍ട്ടാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ടിരിക്കുന്നത്.

Delhi progrom: Amnesty International reveals investigation report on serious allegations against police




Tags:    

Similar News