മുസ്‌ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി ക്ലബ് ഹൗസ് ചര്‍ച്ച; നാലാമത്തെ അറസ്റ്റ് ലഖ്‌നൗവില്‍

രാഹുലിന്റെ മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2022-01-22 11:11 GMT

ന്യൂഡല്‍ഹി: ജനുവരി 16ന് ക്ലബ് ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്ലിക്കേഷനില്‍ മുസ് ലിം സ്ത്രീകളെ അപമാനിച്ച് ചര്‍ച്ച സംഘടിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ രാഹുല്‍ കപൂര്‍(18) എന്നയാളെയാണ് ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കേസില്‍ പിടിയിലാവുന്ന നാലാമത്തെ വ്യക്തിയാണ് രാഹുല്‍.

ഹരിയാന സ്വദേശികളായ മൂന്നു പേരെ ഇന്നലെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബിസ്മില്ല എന്ന വ്യാജപേരില്‍ ഐഡി നിര്‍മിച്ചാണ് രാഹുല്‍ കപൂര്‍ ക്ലബ് ഹൗസ് ഉപയോഗിച്ചിരുന്നതെന്ന് പോലിസ് കണ്ടെത്തി. സാലോസ് എന്ന ഐഡി ഉപയോഗിച്ചിരുന്ന വ്യക്തിയുടെ നിര്‍ദേശപ്രകാരം രാഹുല്‍ കപൂര്‍ ആണ് ചര്‍ച്ച സംഘടിപ്പിക്കാനുള്ള ചാറ്റ് റൂം ക്രിയേറ്റ് ചെയ്തത്. ചാറ്റ് റൂം ഉണ്ടാക്കി സാലോസിനെ മോഡറേറ്ററാക്കിയതും രാഹുലാണെന്ന് പോലിസ് പറഞ്ഞു.

ലഖ്‌നൗവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വൈകീട്ടോടെ ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാഹുലിന്റെ മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ഇതേ സംഭവത്തില്‍ മൂന്നു പേരെ മുംബൈ സൈബര്‍ സെല്‍ പിടികൂടിയ വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു.

തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി പോലിസ് രാഹുലിനെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടെ മറ്റു പലരേയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 'മുസ്‌ലിം പെണ്ണുങ്ങള്‍ ഹിന്ദു സ്ത്രീകളെക്കാള്‍ സുന്ദരികളാണ്', 'ഉയര്‍ന്ന ജാതിയിലുള്ള ആണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ല' തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച സംഘടിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. സുള്ളി ഡീല്‍സ് ആപ്പിലേതിനു സമാനമായി മുസ്‌ലിം സ്ത്രീകളെ ലേലം വിളിക്കുകയും അവര്‍ക്കെതിരേ ലൈംഗിക പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചതുമായിരുന്നു ക്ലബ് ഹൗസ് ചര്‍ച്ച. ഈ ചാറ്റ് റൂമില്‍ ചര്‍ച്ച നടക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസം തന്നെ ഡല്‍ഹി വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസിനോട് ആവശ്യപ്പെട്ടു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 153എ, 295എ, 354എ വകുപ്പുകളും ഐടി ആക്ടിലെ വകുപ്പുകളും ചേര്‍ത്ത് ഡല്‍ഹി പോലിസ് കേസെടുക്കുകയായിരുന്നു. മുംബൈയില്‍ ഒരു യുവതിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ണാല്‍ സ്വദേശി ആകാശ് സുയല്‍ (19), ഫരിദാബാദ് സ്വദേശികളായ ജൈഷ്ണവ് കക്കാര്‍ (21), യഷ് പരാഷര്‍ (22) എന്നിവരെയാണ് മുംബൈ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

Tags:    

Similar News