ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി

Update: 2024-05-15 06:38 GMT

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചൈനീസ് ബന്ധവും വിദേശഫണ്ട് ആരോപണവും ഉന്നയിച്ചാണ് 2023 ഒക്‌ടോബര്‍ നാലിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പ്രബീര്‍ പുരകായസ്തയെയും ന്യൂസ്‌ക്ലിക്ക് ഹ്യൂമന്‍ റിസോഴ്‌സ് മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് പുരകയസ്തയ്‌ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ കാരണങ്ങള്‍ അദ്ദേഹത്തിന് രേഖാമൂലം നല്‍കിയിട്ടില്ല. റിമാന്‍ഡ് അപേക്ഷയുടെ ഒരു പകര്‍പ്പ് പ്രതിഭാഗം അഭിഭാഷകന് നല്‍കാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റും റിമാന്‍ഡും നിയമപരമായി അസാധുവായി പ്രഖ്യാപിച്ചതിനാല്‍ പ്രബീര്‍ പുരക്കായസ്ഥയെ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിചാരണക്കോടതിയില്‍ ജാമ്യവും ബോണ്ടും സമര്‍പ്പിക്കേണ്ടിവരും. പുരകായസ്തയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഡല്‍ഹി പോലിസിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും ഹാജരായി. നേരത്തേ, ഡല്‍ഹി പോലിസിന്റെ അറസ്റ്റ് നടപടി ശരിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് പുരകായസ്ത സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

Tags:    

Similar News