മോദി വിമര്‍ശകര്‍ക്ക് വിമാനത്താവളങ്ങളില്‍ വലവിരിച്ച് ഭരണകൂടം; ആംനസ്റ്റി ഇന്ത്യ മുന്‍ മേധാവി ആകാര്‍ പട്ടേലിനെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു

Update: 2022-04-06 06:45 GMT

ന്യൂഡല്‍ഹി: മോദി വിമര്‍ശകര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ വല വിരിച്ച് ഭരണകൂടം. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ അധികൃതര്‍ ഇന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകാര്‍ പട്ടേലിനെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. സിബിഐ പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞത്.

തനിക്കെതിരായ ലുക്കൗട്ട് സര്‍ക്കുലറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും, എവിടെയാണെന്ന് അറിയാവുന്ന ഒരാള്‍ക്കെതിരെ സിബിഐ ലുക്കൗണ്ട് നോട്ടിസ് പുറപ്പെടുവിച്ചതില്‍ ആശ്ചര്യപ്പെടുന്നതായും പട്ടേല്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് പട്ടേല്‍. പ്രധാനമന്ത്രിയുടെ ഭരണത്തെ വിശകലനം ചെയ്യുന്ന ഒരു പുസ്തകം അടുത്തിടെ പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യക്കെതിരേയും സര്‍ക്കാര്‍ നീങ്ങുകയായിരുന്നു. വിദേശ സംഭാവന (നിയന്ത്രണ) നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചതിനെത്തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്ക്കും മൂന്ന് അനുബന്ധ സംഘടനകള്‍ക്കുമെതിരെ 2019 ല്‍ സിബിഐ കേസെടുത്തു. തൊട്ടുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം ആരംഭിച്ചു.

യുഎസിലേക്കുള്ള യാത്രയ്ക്കായി പ്രത്യേകമായി കോടതി ഉത്തരവിന്റെ സഹായത്തോടെ പാസ്‌പോര്‍ട്ട് സുരക്ഷിതമാക്കിയെങ്കിലും താന്‍ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റിലാണെന്ന് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. ബെര്‍ക്ക്‌ലിയിലും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും പ്രസംഗിക്കാനാണ് താന്‍ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2020ല്‍, ഗുജറാത്തിലെ ഘഞ്ചി സമുദായത്തിനെതിരെ 'അധിക്ഷേപകരമായ' ട്വീറ്റുകള്‍ പോസ്റ്റുചെയ്തുവെന്നാരോപിച്ച് സൂറത്തിലെ ബിജെപി എംഎല്‍എ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പട്ടേലിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ജാമ്യത്തിന് ഉപാധിയായി പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യേണ്ടിവന്നു.

മാര്‍ച്ച് 1 മുതല്‍ മെയ് 30 വരെ സ്വന്തം പാസ്‌പോര്‍ട്ട് ഉപയോഗിക്കാനും ആറ് വ്യവസ്ഥകള്‍ക്കും 2 ലക്ഷം രൂപ ജാമ്യത്തിനും വിധേയമായി യുഎസ് സന്ദര്‍ശിക്കാനും ഫെബ്രുവരി 19 ന് അനുമതി നല്‍കിയ സൂറത്ത് ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഉത്തരവ് ബുധനാഴ്ച പട്ടേല്‍ ട്വീറ്റ് ചെയ്തു.

പട്ടേലിന്റെ പാസ്‌പോര്‍ട്ടിന്റെയും വിമാന ടിക്കറ്റിന്റെയും പകര്‍പ്പുകള്‍ സമര്‍പ്പിക്കാനും ഇന്ത്യയിലേക്ക് മടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും യുഎസില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിശദമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഹാജരാകാത്തതിനാല്‍ നടപടികള്‍ വൈകിപ്പിക്കരുതെന്നും പട്ടേലിന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി യാത്രാനുമതി നല്‍കിയെങ്കിലും സിബിഐ ലുക്ക് ഔട്ട് നോട്ടിസ് ചൂണ്ടിക്കാട്ടി വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

ഒരാഴ്ച്ച മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞിരുന്നു. ഏപ്രില്‍ ഒന്നിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. ലണ്ടനിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞതെന്ന് റാണ അയ്യൂബ് ട്വീറ്റ് ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. യാത്രാ വിവരം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അറിയിച്ചിരുന്നു.

എന്നാല്‍ യാത്ര തടഞ്ഞതിനു ശേഷം മാത്രമാണ് ഇഡി സമന്‍സ് നല്‍കിയതെന്നും റാണ അയ്യൂബ് ആരോപിച്ചു. ഉത്തര്‍പ്രദേശ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍, സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച പണം വകമാറ്റല്‍ തുടങ്ങിയ നിയമ ലംഘനങ്ങളെത്തുടര്‍ന്ന് ഇഡി റാണ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ചിരുന്നു. റാണാ അയ്യൂബിന്റേയും കുടുംബത്തിന്റേയും പേരില്‍ ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്. സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശ് ഗാസിയാബാദ് പോലിസ് ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

വിദേശയാത്ര തടഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ലണ്ടനിലും ഇറ്റിലിയിലുമായി നേരത്തെ ഏറ്റെടുത്ത ജോലികളുണ്ടെന്നും അതിനാല്‍ വിഷയം നേരത്തെ പരിഗണിക്കണമെന്നും റാണ അയ്യൂബിന്റെ അഭിഭാഷകര്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് റാണാ അയ്യൂബിന് യാത്രാ അനുമതി നല്‍കുകയായിരുന്നു.

Tags:    

Similar News