മദ്യപിക്കാന്‍ 'ടച്ചിങ്‌സ്' നല്‍കിയില്ലെന്ന്; മുഹമ്മയിലെ വിവാഹവേദിയില്‍ പോലിസ്-ഉദ്യോഗസ്ഥ അതിക്രമം(വീഡിയോ)
ആലപ്പുഴ: കൊവിഡ് പരിശോധനയുടെ പേരുപറഞ്ഞ് മുഹമ്മയിലെ വിവാഹവേദിയില്‍ പോലിസ്-ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമം. മുഹമ്മ ജോര്‍ജിയന്‍ ലേക്ക് വ്യൂ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹത്തിനിടെയാണ് നവ വധുവിനെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയത്. മുഹമ്മ ബോട്ട് സ്‌റ്റേഷന്‍ കോംപൗണ്ടിലുണ്ടായിരുന്ന ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വിവാഹ വീട്ടിലെത്തി മദ്യപിക്കാന്‍ ടച്ചിങ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ഇതിനു വിസമ്മതിച്ചതിനാല്‍ ഇവര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലിസ് വധുവിനെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ആരോപണം.
ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലിസുകാര്‍ വിവാഹ വേദിയില്‍ കയറി ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങള്‍ക്കു നേരെ കൈയേറ്റം ചെയ്തതായും സക്കീര്‍ ഹുസയ്ന്‍ എന്നയാള്‍ ഫേസ് ബുക്ക് ലൈവിലൂടെ അറിയിച്ചു. തന്റെ സഹോദരന്റെ കല്യാണമാണ് പോലിസ്-ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അലങ്കോലമാക്കിയതെന്ന് സക്കീര്‍ ഹുസയ്ന്‍ ഫേസ് ബുക്കിലൂടെ പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെയെത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ നേരത്തേ പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയപ്പോള്‍ 36 കാറുകള്‍ നിര്‍ത്തിയിട്ടതായി കണ്ടെന്നു പറഞ്ഞ് ന്യായീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. അതേസമയം,
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിവാഹം നടത്തിയതെന്നും മദ്യപിച്ച് ലക്ക് കെട്ട ഉദ്യോഗസ്ഥരാണ് വിവാഹം അലങ്കോലമാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കുടുംബക്കാരും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് ഉറപ്പായതിനാല്‍ പോലിസ് ഒഴിഞ്ഞുമാറുന്നതും ദൃശ്യത്തില്‍ കാണുന്നുണ്ട്.