കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പോലിസ് അതിക്രമം; മുഖ്യമന്ത്രിക്കെതിരേ രൂക്ഷപ്രതികരണവുമായി നേതാക്കള്‍

Update: 2023-12-23 10:34 GMT
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ ഡിജിപി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരേ പോലിസ് നടത്തിയ അതിക്രമത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷപ്രതികരണവുമായി നേതാക്കള്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കാണ് കണ്ണീര്‍ വാതക ഷെല്‍ പൊട്ടി പരിക്കേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ കെ സുധാകര ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഗ്രനേഡ് പൊട്ടിയത്. പോലിസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. കെ സുധാകരനും എം എം ഹസ്സനും ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റിയാണ് സ്ഥലത്തുനിന്ന് മാറ്റിയത്.

    എല്ലാ ചട്ടങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്നും ആരുടെ ഉത്തരവാണ് പോലിസ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ഞാന്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഒരു ടിയര്‍ഗ്യാസ് ഷെല്‍ ഞങ്ങളുടെ വേദിക്ക് തൊട്ടുപിന്നില്‍ പൊട്ടിത്തെറിച്ചുത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണിലും മൂക്കിലും ശ്വാസകോശത്തിലുമൊക്കെ ഭയങ്കര എരിയല്‍ തുടങ്ങി. അതോടെ വേദിയില്‍ നടക്കുന്നതൊക്കെ നിര്‍ത്തി ഞങ്ങള്‍ക്ക് ഇറങ്ങിവരേണ്ടി വന്നു. 18 ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചെന്നാണ് കേട്ടത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് താന്‍ ഡിജിപിയെ വിളിച്ച് ചോദിച്ചു. ഒരു പ്രകോപനവും ഉണ്ടായില്ല. പോലിസ് നിയമപ്രകാരം മെഗാഫോണ്‍ വഴി മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നു. അതും ഉണ്ടായില്ല. പ്രകോപനം ഉണ്ടായിരുന്നില്ല, പിന്നെങ്ങനെ മുന്നറിയിപ്പ് കൊടുക്കുമെന്നും തരൂര്‍ ചോദിച്ചു. ഡിജിപിയോട് പറഞ്ഞപ്പോള്‍ അന്വേഷിക്കാമെന്ന് മറുപടി കിട്ടി. എന്നാല്‍, ആ അന്വേഷണം എപ്പോള്‍ നടക്കുമെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിക്കോളൂവെന്നും തരൂര്‍ പറഞ്ഞു. ആരുടെ ഉത്തരവാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ഞാന്‍ മുഖ്യമന്ത്രിയോടു ചോദിക്കുകയാണ്. ഏറ്റവും കടുപ്പമേറിയ ടിയര്‍ ഗ്യാസാണ് പ്രയോഗിച്ചത്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. നമ്മള്‍ ഭരിക്കുമ്പോള്‍ എപ്പോഴും അവര്‍ക്ക് അതിനുള്ള അവകാശം കൊടുത്തിട്ടുണ്ട്. എന്താണ് ഇപ്പോള്‍ ഇവരുടെ പ്രശ്‌നം? അവരെ എതിര്‍ക്കാന്‍ പാടില്ലേ? അവര്‍ക്കെതിരേ സംസാരിക്കാന്‍ പാടില്ലേ? കരിങ്കൊടി കാണിക്കാന്‍ പാടില്ലേ? ജനാധിപത്യത്തെ മാറ്റാനാണോ അവര്‍ ശ്രമിക്കുന്നത്? ഇക്കാര്യത്തില്‍ ഗൗരവമുള്ള നടപടി എടുക്കണം. മാത്രമല്ല, പരിപാടിയില്‍ പങ്കെടുത്ത എല്ലാ എംപിമാരും എല്ലാ എംഎല്‍എമാരും പാര്‍ലമെന്റിലും നിയമസഭയിലും പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നല്‍കണം. താന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. ഇത് പോലിസ് ക്രൂരതയാണ്. ഒരിക്കലും അംഗീകരിക്കാനാവില്ല. ക്ഷമിക്കാനാവാത്ത പെരുമാറ്റമാണിതെന്നും തരൂര്‍ പറഞ്ഞു.

    കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദേശപ്രകാരമാണിത് ചെയ്തത്. പോലിസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന് തീറെഴുതിക്കൊടുത്തിരിക്കുകയാണ്. സേനയ്ക്കു മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ നോക്കുകുത്തിയായി ഡിജിപി മാറി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പോലിസിനെ നിയന്ത്രിക്കുന്നത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലിസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫും പിന്മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരേ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോവില്ലെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News