അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍; സംശയമുന മുന്നണിയിലേക്കും ലീഗിലേക്കും നീളുന്നു
കണ്ണൂര്‍: മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലിന് പിന്നിലെ സംശയമുന മുന്നണിയിലേക്കും ലീഗിലേക്കും നീളുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെയും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീമിന്റെയും പ്രസ്താവനകള്‍ ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നതാണ്. കുഞ്ഞാലിക്കുട്ടിക്കെതിരേ അഭിഭാഷകന്‍ നടത്തിയ ആരോപണത്തിന് പിന്നില്‍ ഇടതുപക്ഷത്തുള്ളവരെ മാത്രമല്ല സംശയമെന്നായിരുന്നു അബ്ദുല്‍ കരീമിന്റെ പ്രതികരണം.
അതേസമയം, തനിക്കെതിരേ ഗൂഢാലോചന നടന്നത് മുന്നണിക്കകത്തുനിന്നാണെന്ന് തീര്‍പ്പൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷകനെക്കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നില്‍ ലീഗിലെയും യുഡിഎഫിലെയും ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് പരോക്ഷമായി പറയുകയാണ് ഇരുവരും ചെയ്തിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരേ ലീഗിനുള്ളില്‍ ഒരുവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
കുഞ്ഞാലിക്കുട്ടിക്കെതിരേ ടി പി ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അടുത്തിടെ ലീഗില്‍നിന്ന് അച്ചടക്ക നടപടി നേരിട്ട ഒരാളാണ് ഇക്കാര്യം പല മാധ്യമങ്ങളെയും വിളിച്ചറിയിച്ചത്. ഗൂഢാലോചന നടന്നത് പാര്‍ട്ടിക്കകത്തുനിന്നോ എന്ന സംശയം കൂടുതല്‍ ശക്തമാക്കുകയാണ് ഈ നടപടികള്‍. അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ള വിഷയമാണെന്നും അന്വേഷിക്കണമെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. കെ സുധാകരന്‍ നടത്തിയ പ്രതികരണത്തില്‍ ലീഗിലെ ചില നേതാക്കള്‍ സംശയം പ്രകടിപ്പിക്കുകയും അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു.
കെ സുധാകരന്റെ പ്രസ്താവന ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമടക്കമുള്ള നേതാക്കള്‍. പറയുകയും ചെയ്തു. എന്താണ് ഇതിലൂടെ സുധാകരന്‍ ഉദ്ദേശിക്കുന്നതന്നും മുസ് ലിം ലീഗ് ചോദിക്കുന്നു. പി ജയരാജനെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടെന്ന അഭിഭാഷകന്റെ ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അവരെ വെറുതെ വിടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫ് ഐറ്റെടുക്കേണ്ട പ്രശ്‌നമാണിതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, കെ സുധാകരന്റെ ആദ്യപ്രസ്താവന വേദനിപ്പിച്ചെന്നും തുറന്നടിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് അബ്ദുല്‍ കരിം ചേലേരിയും കുറ്റപ്പെടുത്തി. ഇതുകൊണ്ട് ഗുണം കിട്ടിയവരെ മാത്രമല്ല, ഗുണം പ്രതീക്ഷിച്ചവരിലേക്കും അന്വേഷണം നീളണമെന്നും അബ്ദുല്‍ കരിം ചേലേരി കൂട്ടിച്ചേര്‍ത്തു. അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ ഒത്തുകളി രാഷ്ട്രീയം കണ്ടുമടുത്തിട്ടാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് ടി പി ഹരീന്ദ്രന്‍ തിരിച്ചടിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുതല്‍ ലീഗ് നേതാവ് കെ എം ഷാജി വരെയുള്ള പേരുകള്‍ മാധ്യമങ്ങള്‍ ഉന്നയിച്ചെങ്കിലും 'രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളിലെ ഒരു പൗരന്റെ ധാര്‍മിക രോഷ'മാണ് പ്രകടിപ്പിച്ചതെന്നാണ് ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന്‍ മറുപടി നല്‍കിയത്.
വിവാദപ്രസ്താവന നടത്തിയയുടന്‍ 'എന്തിനാണ് ആവശ്യമില്ലാതെ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ചോദിച്ച്' സുധാകരന്‍ വിളിച്ചിരുന്നതായി ഹരീന്ദ്രന്‍ പറയുന്നു. കേസിനെക്കുറിച്ച് താനാരോടും സംസാരിച്ചിട്ടില്ലെന്നാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്, അദ്ദേഹത്തിന്റെ പരിമിതി മൂലമാണെന്നായിരുന്നു ഹരീന്ദ്രന്റെ വിശദീകരണം. പി കെ കുഞ്ഞാലിക്കുട്ടിതിരായ സുധാകരന്റെ നിലപാട് ലീഗ് വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.
വീണ്ടും കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മില്‍ തെറ്റിക്കാന്‍ കെപിസിസി അധ്യക്ഷന്‍ ശ്രമിക്കുന്നതിന്റെ എതിര്‍പ്പും പ്രതിഷേധവും ലീഗിനു നല്ലവണ്ണമുണ്ട്. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തെന്ന വിവാദപ്രസ്താവനയില്‍ കെ സുധാകരനോട് ലീഗിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ലീഗ് അന്ന് നടത്തിയ വിമര്‍ശനത്തില്‍ സുധാകരനും അതൃപ്തിയുണ്ടായിട്ടുണ്ട്. വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണത്തിലെ കുഞ്ഞാലിക്കുട്ടിയുടെ തണുപ്പല്‍ പ്രതികരണത്തിലും സുധാകരന്‍ അമര്‍ഷം രേഖപ്പെടുത്തുകയാണ് ചെയ്തത്.
റിസോര്‍ട്ട് വിവാദം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതവരുടെ അഭിപ്രായമാണെന്നും അവിടെ ചോദിക്കണമെന്നുമാണ് കെ സുധാകരന്‍ പരുഷമായി പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് ഷുക്കൂര്‍ വധക്കേസിലെ ഹരീന്ദ്രന്റെ ആരോപണം 'ഏറെ ഗൗരവതര'മെന്ന് സുധാകരന്‍ പറഞ്ഞത്. ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരേ കൊലപാതകക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി കാരണമാണെന്ന അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലില്‍ യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്.