കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍: അഭിഭാഷകനെതിരേ നിയമനടപടിയെന്ന് മുസ്‌ലിം ലീഗ്; മൗനവും ഒരു പ്രതിഷേധമാണെന്ന് ഷുക്കൂറിന്റെ സഹോദരന്‍

Update: 2022-12-28 07:00 GMT

കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരേ മുസ്‌ലിം ലീഗ് നിയമനടപടിക്ക്. ഗുരുതരമായ ആരോപണം ഉന്നയിക്കുക വഴി മുസ്‌ലിം ലീഗിനെയും അതിന്റെ പ്രമുഖനായ നേതാവിനെയും അപമാനിക്കുന്ന അഭിഭാഷകന്റെ പ്രതികരണത്തിനെതിരേ ശക്തമായ നിയമ നടപടികളുമായി മുസ്‌ലിം ലീഗ് മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരിം ചേലേരി അറിയിച്ചു. അതോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ പൊതുസമൂഹത്തിന് മുന്നില്‍ പുറത്തുകൊണ്ടുവരേണ്ടതുമുണ്ട്.

കഴിഞ്ഞ ഒട്ടേറെ വര്‍ഷങ്ങളായി പി കെ കുഞ്ഞാലിക്കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നത് അറിയാത്തവരല്ല, കേരളീയര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയ എതിരാളികള്‍ തുടങ്ങിവച്ച വേട്ടയാടലുകള്‍ ഇപ്പോഴും തുടരുന്നുവെന്ന് മാത്രമേ ഇതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നുള്ളൂ- എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 2012 ഫെബ്രുവരി 20 നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ കാര്‍ തടഞ്ഞെന്ന വ്യാജ ആരോപണം ഉന്നയിച്ച് എംഎസ്എഫ് നേതാവായ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ സിപിഎം കിങ്കരന്‍മാര്‍ അറുകൊല ചെയ്തത്.

Full View

അന്നുമുതല്‍ ഇന്നുവരെ ഷുക്കൂറിന്റെ കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമപോരാട്ടത്തിലാണ് മുസ്‌ലിം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കും അനുസരിച്ച് ഒട്ടേറെ നിയമപോരാട്ടങ്ങളാണ് ഇക്കാര്യത്തില്‍ ഷുക്കൂറിന്റെ കുടുംബവും മുസ്‌ലിം ലീഗും നടത്തിവരുന്നത്. വസ്തുതാപരമായ ഒരു പിന്‍ബലമോ ഒരു തെളിവോ ഇല്ലാതെ വാര്‍ത്താ ചാനലിനു മുന്നില്‍ കവാത്ത് മറക്കുന്ന വക്കീലായി ഇയാള്‍ മാറിയത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു കണ്ണൂരിലെ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍. അന്നത്തെ ജില്ലാ പോലിസ് മേധാവിയെ വിളിച്ച് ഇക്കാര്യം നിര്‍ദേശിച്ചുവെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്. അതേസമയം, പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരനും രംഗത്തുവന്നു. മുഷ്ടിചുരുട്ടി പ്രതിഷേധിക്കുന്നതു പോലെ മൗനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നായിരുന്നു ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ദാവൂദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മൗനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്..

ഏതുപോലെ..

മുഷ്ടിചുരുട്ടി പ്രതിഷേധിക്കുന്നതു പോലെ

റോഡ് ഉപരോധിക്കുന്നതു പോലെ

തെരുവില്‍ പ്രതിഷേധിക്കുന്നതു പോലെ

പൊലീസ് ബാരിക്കേഡ് ഭോദിക്കുന്നതു പോലെ

മൗനവും ഒരു പ്രതിഷേധമാണ്.

Full View

Tags:    

Similar News