വോട്ടിങ് യന്ത്രങ്ങള്‍ എവിടെയൊക്കെ സഞ്ചരിച്ചു; ജിപിഎസ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടു പോവുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കണമെന്നും ഇത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇസിഐ നിര്‍ദേശിച്ചിരുന്നു.

Update: 2019-06-08 10:08 GMT

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി സഞ്ചരിച്ച വാഹനങ്ങളുടെ യാത്രാ മാര്‍ഗം സംബന്ധിച്ച ജിപിഎസ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍(ഇസിഐ). വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടു പോവുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കണമെന്നും ഇത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇസിഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്ക്, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് ഇസിഐ നല്‍കിയ മറുപടിയില്‍ ജിപിഎസ് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇലക്ട്രോണിക് വോട്ട്ങ് യന്ത്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുക്കിയ പുതിയ നടപടികളുടെ ഭാഗമാണ് ജിപിഎസ് സംവിധാനമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ജിപിഎസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്ന ഇസിഐയുടെ മറുപടി ദുരൂഹത ഉയര്‍ത്തുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജിപിഎസ് നിരീക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നത്.

മെയ് 23ന് വോട്ടെണ്ണുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കടത്തുന്നതായി കണ്ടെത്തിയ നിരവധി റിപോര്‍ട്ടുകള്‍ വന്നിരുന്നു. മെയ് 7ന് ബിഹാറിലെ ഹോട്ടല്‍ മുറിയില്‍ ആറ് വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു.



2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളുടെ ജിപിഎസ് ഡാറ്റയുടെ ഇലക്ട്രോണിക് കോപ്പി തേടിയാണ് ഇസിഐയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഈ വിവരങ്ങള്‍ ഒരു രൂപത്തിലും ലഭ്യമല്ലെന്നും അതുകൊണ്ട് തന്നെ വിവരാവാകാശ നിയമത്തിന്റെ 2എഫ് വകുപ്പ് പ്രകാരം ഇത് നല്‍കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജിപിഎസ് മോണിറ്ററിങ് ഏര്‍പ്പെടുത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കില്‍ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ അത് നടപ്പാക്കിയതിന്റെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈ എസ് ഖുറൈഷി ദി ക്വിന്റിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു കൈകകഴുകാനാവില്ല. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും(സിഇഒ) ജില്ല തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും(ഡിഇഒ) വിശദമായ നിര്‍ദേശം ഇസിഐ നല്‍കിയിരുന്നു. അതു കൊണ്ട് തന്നെ അവരില്‍ നിന്ന് റിപോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വസ്തു ഭൂമിയില്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് കണ്ടെത്താനുള്ള ഉപഗ്രഹസഹായത്തോടെയുള്ള സംവിധാനമാണ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്). ഗൂഗിള്‍ മാപ്പ്, യൂബര്‍ തുടങ്ങിയവ ഉപയോഗിക്കുന്ന ഈ സംവിധാനം വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോവുന്ന വാഹനങ്ങളില്‍ ഘടിപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. വോട്ടിങ് യന്ത്രവുമായി സഞ്ചരിക്കുന്ന വാഹനം എവിടെയൊക്കെ പോവുന്നു എന്ന് കൃത്യമായി കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ അനധികൃത വാഹനങ്ങളില്‍ കൊണ്ടുപോയതും 48 മണിക്കൂര്‍ വൈകി യന്ത്രങ്ങള്‍ കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയതുമായ റിപോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തിരുന്നത്. എന്നാല്‍, വോട്ടിങ് യന്ത്രങ്ങളില്‍ വന്‍തിരിമറി നടന്നതായ വാര്‍ത്തകള്‍ക്കു പിന്നാലെ ജിപിഎസ് വിവരങ്ങള്‍ ലഭ്യമല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.  

Tags:    

Similar News