കാസര്‍കോട്ട് മോക്‌പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക് സുപ്രിംകോടതി നിര്‍ദേശം
ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവന്‍ വിവി പാറ്റ് രശീതികളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹരജികളില്‍ സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്നലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയിലാണ് ബിജെപി ചിഹ്നമായ താമരയ്ക്ക് അധികവോട്ട് ലഭിച്ചത്. താമരയ്ക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്പോള്‍ രണ്ടെണ്ണമാണ് അടയാളപ്പെടുത്തിയത്. താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും വിവിപാറ്റ് എണ്ണുമ്പോള്‍ ഒരു വോട്ട് താമരയ്ക്ക് ലഭിച്ചിരുന്നു. കാസര്‍കോട് ഗവ. കോളജില്‍ നടന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂര്‍ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസര്‍കോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് പരാതി ഉയര്‍ന്നത്. എന്നാല്‍ സംഭവത്തെ ലഘൂകരിച്ചുകാണിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പട്ടികയില്‍ ആദ്യ സ്ഥാനാര്‍ഥിയാതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നായിരുന്നു വിശദീകരണം. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതിനിധി നാസര്‍ ചെര്‍ക്കളം വരണാധികാരിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ആകെ 228 മെഷീനുകളാണുള്ളത്. ഒരു റൗണ്ടില്‍ 20 മെഷീനുകളാണ് എണ്ണുക. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ നാല് മെഷീനുകളിലാണ് പരാതി ഉയര്‍ന്നത്.
അതേസമയം, വിവി പാറ്റ് ബോക്‌സിലെ ലൈറ്റ് മുഴുവന്‍ സമയവും ഓണ്‍ ചെയ്തിതിടാന്‍ നിര്‍ദേശിക്കണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ സ്ലിപ്പ് ബാലറ്റ് ബോക്‌സിലേക്ക് വീഴുന്ന പ്രക്രിയ വോട്ടര്‍മാര്‍ക്ക് കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവി പാറ്റ് സ്ലിപ്പ് വോട്ടര്‍തന്നെ ബാലറ്റ് ബോക്‌സില്‍ ഇടാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം മറ്റൊരു അഭിഭാഷകന്‍ ഉന്നയിച്ചെങ്കിലും കോടതി വിയോജിച്ചു. അങ്ങനെചെയ്താല്‍ വോട്ടറുടെ സ്വകാര്യത നഷ്ടമാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹരജികളില്‍ സുപ്രിംകോടതിയില്‍ വാദംകേള്‍ക്കല്‍ പുരോഗമിക്കുകയാണ്.