മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഭൂമി ഏറ്റെടുക്കുന്ന നടപടി ഏകപക്ഷീയം, സ്റ്റേ ചെയ്യണം; സുപ്രിംകോടതിയില്‍ ഹരജി നല്കി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി നല്കി ഉടമകള്‍. എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള ഭൂമിയാവശ്യത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. എന്നാല്‍ നഷ്ടപരിഹാരം മുഴുവന്‍ നല്‍കുന്നത് വരെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ഹരജിയില്‍ പറയുന്നത്.
നിലവില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്കാന് ഉദ്ദേശിച്ച 26.56 കോടി രൂപ വളരെ കുറവാണെന്നും 2013 ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 26ാം വകുപ്പ് പ്രകാരം കൂടിയ തുകക്ക് അര്‍ഹതയുണ്ടെന്നും എസ്റ്റേറ്റ് ഉടമകള്‍ പറയുന്നു. ഹരജി കോടതി അടുത്ത ആഴ്ച പരിഗണിക്കുമെന്നാണ് വിവരം.