ബാബരി ധ്വംസനം: വിധി ഏകപക്ഷീയവും രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്നതും- കൈഫ്
തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ടതിന് പുറമെ അവരില്‍ പ്രധാനികളെ വെള്ളപൂശാനും മറക്കാതിരുന്ന നടപടി വിചാരണക്കോടതിയുടെ പക്ഷപാത മനസ്സിനെയാണ് സൂചിപ്പിക്കുന്നത്.
കോഴിക്കോട്: ബാബരി മസ്ജിദ് ധ്വംസനക്കേസിലെ പ്രതികളെ വെറുതെ വിട്ട ലഖ്‌നോ സിബിഐ കോടതി വിധി ഏകപക്ഷീയവും രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്നതുമാണെന്ന് ഖലീല്‍ അഹ്മദ് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ (കൈഫ്) സംസ്ഥാന സമിതി വ്യക്തമാക്കി. തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ടതിന് പുറമെ അവരില്‍ പ്രധാനികളെ വെള്ളപൂശാനും മറക്കാതിരുന്ന നടപടി വിചാരണക്കോടതിയുടെ പക്ഷപാത മനസ്സിനെയാണ് സൂചിപ്പിക്കുന്നത്.
ആര്‍എസ്എസ് നിയന്ത്രിത കേന്ദ്ര ഭരണത്തിന്റെയും ബ്യൂറോക്രസിയുടെയും തണലില്‍ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ രാജ്യത്തുടനീളം അത്യന്തം ഹീനവും ക്രൂരവുമായ ആക്രമണങ്ങള്‍ അഴിച്ച് വിട്ട്, രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സവര്‍ണ ഫാഷിസ്റ്റുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് സിബിഐ കോടതി വിധി. രാജ്യത്തിന്റെ അഖണ്ഡതയും ക്രമസമാധാനവും തകരാനും ലോകത്തിനു മുന്നില്‍ മഹത്തായ നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടാനും മാത്രമേ മുന്‍ധാരണയേടെയുള്ള ഇത്തരം അന്യായ വിധികള്‍ ഉപകരിക്കുകയുള്ളൂ.
പ്രാദേശിക മാധ്യമ വാര്‍ത്തകളും ഊഹാപോഹങ്ങളും പോലും ആധാരമാക്കി ന്യൂനപക്ഷങ്ങള്‍ക്കെതിരേ രാജ്യദ്രോഹക്കേസ് വരെ ഫയല്‍ ചെയ്യുന്ന രാജ്യത്ത്, ആഗോള മാധ്യമങ്ങടക്കം റിപോര്‍ട്ട് ചെയ്ത വസ്തുതകളും ചിത്രങ്ങളും തെളിവായി സ്വീകരിക്കാനാവില്ലെന്ന കോടതിയുടെ നിരീക്ഷണം കണ്ണടച്ചിരുട്ടാക്കലും ബാബരി ധ്വംസനം നിയമവാഴ്ചക്കെതിരായ കുറ്റമാണെന്ന സുപ്രിം കോടതി വിധിയെ പരിഹസിക്കലുമാണ്.
ജുഡീഷ്യറി പോലും അക്രമികള്‍ക്ക് കുട പിടിക്കുന്ന ഇക്കാലത്ത്, രാജ്യത്തിന്റെ അഖണ്ഡതയും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാനും, നിയമവാഴ്ച ഉറപ്പ് വരുത്താനും, മഹത്തായ നമ്മുടെ ഭരണഘടന സംരക്ഷിക്കാനും, സര്‍വ്വോപരി സവര്‍ണ്ണ വര്‍ഗ്ഗീയ ഫാഷിസ്റ്റുകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചെടുക്കാനും എല്ലാ നല്ലവരായ മതേതരജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് കൈഫ് സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു.