വഖ്ഫ് ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം. നിയമം മുഴുവനായോ ഭാഗികമായോ സ്‌റ്റേ ചെയ്യുന്നത് ശരിയല്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സുപ്രിംകോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് പുറത്തു നടക്കുന്നതെന്നും കേന്ദ്രം പറയുന്നു. വഖ്ഫ് ബൈ യൂസര്‍ എടുത്തു കളയുന്നത് മുസ് ലിംകളുടെ അവകാശം ലംഘിക്കില്ല എന്നും വാക്കാലുള്ള വഖ്ഫ് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം ന്യായീകരിച്ചു.
'ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമം നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിപുലമായ ചര്‍ച്ച നടന്നു.പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് ഭരണഘടനാപരമായി ഒരു അനുമാനം ബാധകമാണ്, എന്നാല്‍ ഒരു ഇടക്കാല സ്റ്റേ എന്നത് തത്വത്തില്‍ അംഗീകരിക്കാനാവില്ല' സത്യവാങ്മൂലത്തില്‍ പറയുന്നു.
നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രിംകോടതിക്ക് അധികാരമുണ്ടെങ്കിലും നിയമത്തിന്റെ സ്റ്റേ പാര്‍ലമെന്റിലേക്കുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റമായിരിക്കുമെന്നും കേന്ദ്രം പറഞ്ഞു.