ബുള്‍ഡോസര്‍ നടപടി: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളുടെ സത്യവാങ്മൂലത്തിന് ജംഇയ്യത്ത് ഉലമ എ ഹിന്ദ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ഗുല്‍സാര്‍ ആസ്മി
ന്യൂഡല്‍ഹി: ജംഇയ്യത് ഉലമ എ ഹിന്ദ് ദേശീയ അദ്ധ്യക്ഷന്‍ മൗലാന സയ്യിദ് അര്‍ഷദ് മദനിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, യു. പി മുതലായ സംസ്ഥാനങ്ങളില്‍ മുസ് ലിം സ്വത്തുക്കള്‍ അനധികൃതമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചുവെങ്കിലും സമയക്കുറവ് കാരണം വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചു. ഇതിനിടെ, ജംഇയ്യത് ഉലമ എ ഹിന്ദ് നല്‍കിയ ഹര്‍ജിയില്‍ മധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ജംഇയ്യത് കോടതിയുടെ അനുമതി തേടുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു.
മധ്യപ്രദേശ്, ഡല്‍ഹി സര്‍ക്കാരുകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ അവസാന നിമിഷമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അതില്‍ മറുപടി നല്‍കേണ്ട കാര്യങ്ങള്‍ ഉള്ളതിനാല്‍ മറുപടി നല്‍കണമെന്നും ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി. യു സിംഗ് കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ബി ആര്‍ ഗോയി, ജസ്റ്റിസ് നരസിംഹ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേസ് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിവെച്ചു. അതിനിടയില്‍ കക്ഷികള്‍ക്ക് മറുപടി നല്‍കാമെന്ന് ഉത്തരവിടുകയും ചെയ്തു.
ജംഇയ്യത്ത് ഉലമ എ ഹിന്ദിന്റെ ഹര്‍ജിക്കൊപ്പം ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ഹര്‍ജിയും പരിഗണിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, അഡ്വ. ഹുസൈഫ അഹമ്മദി എന്നിവര്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയ തുഷാര്‍ മേത്ത ഹാജരായി. മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണന്‍, അഡ്വ. സാറം നവീദ്, അഡ്വ. നിസാമുദ്ദീന്‍ പാഷ, അഡ്വ. മുജാഹിദ് അഹമ്മദ് തുടങ്ങിയവരാണ് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായത്.
നൂപുര്‍ ശര്‍മ്മയും നവീന്‍ ജിന്‍ഡാലും നബി (സ) യെ നിന്ദിച്ചതിന് ശേഷമാണ് കാണ്‍പൂര്‍ നഗരത്തില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു വശത്ത്, കലാപത്തില്‍ മുസ്‌ലിംകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തപ്പോള്‍, മറുവശത്ത്, കാണ്‍പൂര്‍, പ്രയാഗ്‌രാജ് (അലഹബാദ്), സഹാറന്‍പൂര്‍ നഗരങ്ങളില്‍ ഭരണകൂടം മുസ്‌ലിംകളുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ഡസന്‍ കണക്കിന് വീടുകള്‍ ബുള്‍ഡോസറുകളുടെ സഹായത്തോടെ തകര്‍ക്കുകയും ചെയ്തു. മുസ്‌ലിംകളുടെ സ്വത്തുക്കള്‍ അനധികൃതമായി നശിപ്പിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കുമെതിരില്‍ ജംഇയ്യത് ഉലമ എ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാന സയ്യിദ് അര്‍ഷദ് മദനിയുടെ നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ജംഇയ്യത്തിന്റെ നിയമസഹായ സമിതി തലവന്‍ ഗുല്‍സാര്‍ ആസ്മിയാണ് വാദിയായത്.
ജംഇയ്യത് ഉലമ എ ഹിന്ദ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് മുതല്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ മുസ് ലിംകളുടെ സ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ബുള്‍ഡോസര്‍ നടപടികളുണ്ടാവുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.