പ്രതികളുടെ വീട് പൊളിക്കരുത്; ബുള്‍ഡോസര്‍ രാജില്‍ സുപ്രിംകോടതി

കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രതികളുടെ വീടുകള്‍ പൊളിക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി

Update: 2024-11-13 06:23 GMT

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജില്‍ സുപ്രധാനവിധിയുമായി സുപ്രിംകോടതി. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രതികളുടെ വീടുകള്‍ പൊളിക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അത്തരം നടപടികള്‍ക്ക് അനുമതി നല്‍കുന്നത് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണെന്നും കൂടാതെ അധികാര വിഭജന തത്ത്വത്തിന്റെ ലംഘനവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ബുള്‍ഡോസര്‍ നീതി എന്ന പ്രവണത തടയാന്‍ ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമായെ ഹിന്ദും മറ്റ് വിവിധ ഹരജിക്കാരും സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. പൊളിക്കുന്നതിനുള്ള ഉത്തരവുകള്‍ പാസാക്കിയതിന് ശേഷവും, കക്ഷിക്ക് കുറച്ച് സമയം നല്‍കേണ്ടതുണ്ട്. പൊളിക്കല്‍ ഉത്തരവിനെ എതിര്‍ക്കാന്‍ ആഗ്രഹിക്കാത്ത വ്യക്തികളുടെ കേസുകളില്‍ പോലും, ഒഴിയാന്‍ മതിയായ സമയം നല്‍കേണ്ടതുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധരും ഒറ്റരാത്രികൊണ്ട് തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് സന്തോഷകരമായ കാഴ്ചയല്ലെന്നും കോടതി വ്യക്തമാക്കി.

ഉടമയ്ക്ക് രജിസ്റ്റേഡ് തപാല്‍ മുഖേന നോട്ടിസ് നല്‍കും. നോട്ടിസ് ലഭിച്ചതു മുതല്‍ 15 ദിവസത്തെ സമയം ആരംഭിക്കും. നോട്ടിസ് കൈപറ്റിയിട്ടുണ്ടെന്ന് വ്യക്തി കലക്ടറെ അറിയിക്കണം.പൊളിക്കുന്നതിന് മുമ്പ്, വിശദമായ പരിശോധന റിപോര്‍ട്ട് അതോറിറ്റി തയ്യാറാക്കണം. പൊളിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും കോടതി പറഞ്ഞു. പ്രക്രിയയില്‍ പങ്കെടുത്ത പോലിസുകാരുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് കൈമാറുകയും ഡിജിറ്റല്‍ പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് പ്രോസിക്യൂഷനോടൊപ്പം കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.







Tags:    

Similar News