കാണികള്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സ്റ്റേഡിയം പൊളിക്കാന്‍ ഇന്തോനേസ്യ

Update: 2022-10-19 01:49 GMT

ജക്കാര്‍ത്ത: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 133 ഓളം പേരുടെ മരണത്തിനിടയാക്കിയ സ്‌റ്റേഡിയം പൊളിക്കാനുള്ള തീരുമാനവുമായി ഇന്തോനേസ്യ. മതിയായ സുരക്ഷാ സൗകര്യങ്ങളുമായി കന്‍ജുരുഹന്‍ സ്‌റ്റേഡിയം പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോദോ അറിയിച്ചു. പൂര്‍ണമായും 'ഫിഫ' നിര്‍ദേശപ്രകാരമാകും പുനര്‍നിര്‍മാണം. കളി നിയന്ത്രിക്കുന്ന രീതി രാജ്യത്ത് അടിമുടി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2023ലെ അണ്ടര്‍- 20 ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമേകാന്‍ ഒരുങ്ങുകയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേസ്യ.

ഒക്ടോബര്‍ ഒന്നിനാണ് കിഴക്കന്‍ ജാവയിലെ മലംഗ് നഗരത്തില്‍ ദുരന്തമുണ്ടായത്. കാണികള്‍ സ്‌റ്റേഡിയം വിടാനൊരുങ്ങവേയാണ് തിക്കും തിരക്കുമുണ്ടായത്. ജനങ്ങളെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 40ലധികം കുട്ടികളും ഉള്‍പ്പെടുന്നു. 'ഫുട്‌ബോളിന്റെ ഇരുണ്ട ദിനങ്ങളിലൊന്ന്' എന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വിശേഷിപ്പിച്ചത്.

മലംഗിലെ കഞ്ചുരുഹാന്‍ സ്‌റ്റേഡിയത്തിനായി ഞങ്ങള്‍ അത് പൊളിച്ച് ഫിഫ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍മിക്കും- വിഡോദോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാറ്റിസ്ഥാപിക്കുന്ന സ്‌റ്റേഡിയത്തില്‍ കളിക്കാരുടെയും പിന്തുണക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന ശരിയായ സൗകര്യങ്ങളുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഈ രാജ്യത്ത് ഫുട്‌ബോള്‍ പരിഷ്‌കരിക്കുകയും മാറ്റുകയും ചെയ്യും- വിഡോദോയ്ക്ക് ഒപ്പം ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News