അവര്‍ ആദ്യം നിങ്ങളോട് വോട്ടു ചോദിക്കും, തിരഞ്ഞെടുപ്പിന് ശേഷം ഭൂമിയും: അരവിന്ദ് കെജ്‌രിവാൾ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഡല്‍ഹിയിലെ എല്ലാ ചേരികളും അവര്‍ തകര്‍ക്കുമെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഡല്‍ഹിയിലെ എല്ലാ ചേരികളും അവര്‍ തകര്‍ക്കുമെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ.ചേരി നിവാസികളുടെ ക്ഷേമത്തേക്കാള്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''അവര്‍ ആദ്യം ചോദിക്കുക നിങ്ങളുടെ വോട്ടും തിരഞ്ഞെടുപ്പിന് ശേഷം ചോദിക്കുക നിങ്ങളുടെ ഭൂമിയുമാണ്'' കെജ്‌രിവാൾ പറഞ്ഞു. ബിജെപിയുടെ 'ജഹാന്‍ ജുഗ്ഗി വഹന്‍ മകാന്‍' പദ്ധതിയെ വിമര്‍ശിച്ച അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചേരി നിവാസികള്‍ക്കായി 4,700 ഫ്ളാറ്റുകള്‍ മാത്രമാണ് ബിജെപി നിര്‍മ്മിച്ചതെന്നും വ്യക്തമാക്കി. ചേരി നിവാസികള്‍ താമസിക്കുന്ന ഭൂമി അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാതെ ഏറ്റെടുക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു.
ഷാക്കൂര്‍ ബസ്തി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന എഎപി നേതാവുമായ സത്യേന്ദര്‍ ജെയിനും കെജ്‌രിവാളിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 2013, 2015, 2020 വര്‍ഷങ്ങളില്‍ ജയിച്ചതിന് ശേഷം നാലാം തവണയാണ് ജെയിന്‍ ഇവിടെ നിന്ന് വീണ്ടും ജനവിധി തേടുന്നത്. 2020ലെ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70ല്‍ 62 സീറ്റും നേടിയ എഎപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറുമെന്ന പ്രതീക്ഷയിലാണ്. ഫെബ്രുവരി 5 നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.