സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ; പദ്ധതിക്ക് അംഗീകാരം നല്‍കി ഡല്‍ഹി മന്ത്രിസഭ
പദ്ധതിയെ ചരിത്രപരമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുന്ന മഹിള സമൃദ്ധി യോജന പദ്ധതിക്ക് അംഗീകാരം നല്‍കി ഡല്‍ഹി മന്ത്രിസഭ. പദ്ധതി നടപ്പിലാക്കുന്നതിനായി ഡല്‍ഹി ബജറ്റില്‍ 5100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പദ്ധതി നടത്തിപ്പിന് കമ്മിറ്റി രൂപീകരിച്ചെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു, ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനമായ 2,100 രൂപയെ മറികടന്നായിരുന്നു ഇത് .
താമസിയാതെ പദ്ധതിയുടെ പോര്‍ട്ടല്‍ സജീവമാക്കുമെന്നും പദ്ധതിയുടെ മാനദണ്ഡങ്ങളും മറ്റ് കാര്യങ്ങളും തീരുമാനിക്കാന്‍ കപില്‍ മിശ്ര, ആശിഷ് സൂദ്, പ്രവേശന്‍ വര്‍മ്മ എന്നീ 3 മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഡല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. പദ്ധതിയെ ചരിത്രപരമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്.