കോടതികളിലും ട്രൈബ്യൂണലുകളിലും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കോടതി
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും, ട്രാന്‍സ്ജെന്‍ഡേഴ്സിനുമാണ് പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളുടെ നിര്‍മ്മാണവും ലഭ്യതയും ഉറപ്പാക്കാന്‍ ഹൈക്കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കോടതികളിലും ട്രൈബ്യൂണലുകളിലും എല്ലാ വിഭാഗം ആളുകള്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും, ട്രാന്‍സ്ജെന്‍ഡേഴ്സിനുമാണ് പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളുടെ നിര്‍മ്മാണവും ലഭ്യതയും ഉറപ്പാക്കാന്‍ ഹൈക്കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്.
കോടതികളിലും ട്രൈബ്യൂണലുകളിലും അടിസ്ഥാന ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023-ല്‍ റജീബ് കലിത സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അത്തരം ടോയ്ലറ്റുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മതിയായ ഫണ്ട്, സാനിറ്ററി-പാഡ് ഡിസ്‌പെന്‍സറുകളുടെ സാന്നിധ്യം ഉറപ്പാക്കല്‍, പരാതി പരിഹാര സംവിധാനങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
34 പേജുള്ള വിധിയില്‍, എല്ലാ ജുഡീഷ്യല്‍ പരിസരങ്ങളിലും ജഡ്ജിമാര്‍, വ്യവഹാരക്കാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആക്സസ് ചെയ്യാവുന്ന ശുചിമുറി സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് സൗകര്യത്തിന്റെ മാത്രം കാര്യമല്ല, മറിച്ച് അടിസ്ഥാന അവകാശങ്ങളെയും മാനുഷിക അന്തസ്സിനെയും കുറിച്ചുള്ളതാണെന്ന് കോടതി വ്യക്തമാക്കി.
നീതി തേടുന്ന എല്ലാവര്‍ക്കും സുരക്ഷിതവും മാന്യവും തുല്യവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ഭരണഘടനാപരമായ ബാധ്യത നീതിന്യായ വ്യവസ്ഥ പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.