
ചെന്നൈ: ബിജെപി സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള സംയുക്ത ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ (ജെഎസി)നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആവശ്യമായ രാഷ്ട്രീയ ശക്തി സംസ്ഥാനത്തിന് ഇല്ലാത്തതിനാല്‍ നീതിക്കായുള്ള സംസ്ഥാനത്തിന്റെ ശബ്ദം അവഗണിക്കപ്പെട്ടു എന്ന് പറഞ്ഞ അദ്ദേഹം, പാര്‍ലമെന്റില്‍ പ്രാതിനിധ്യം കുറയുന്നത് രാഷ്ട്രീയ ശക്തി കുറയ്ക്കുമെന്ന് ചുണ്ടിക്കാട്ടി. മണിപ്പൂരില്‍ രണ്ട് വര്‍ഷത്തിലേറെയായി നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്രം പാലിക്കുന്ന മൗനം, മതിയായ രാഷ്ട്രീയ ശക്തിയില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിന്റെ ഉദാഹരണമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ഈ സമരം അതിര്‍ത്തി നിര്‍ണ്ണയത്തിനെതിരെയല്ല, മറിച്ച് ന്യായമായ അതിര്‍ത്തി നിര്‍ണ്ണയം ആവശ്യപ്പെടുന്നതിനു വേണ്ടിയാണ് എന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഇത് സീറ്റുകളുടെ എണ്ണത്തെക്കുറിച്ചല്ല, മറിച്ച്, നമ്മുടെ അധികാരത്തെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും, നമ്മുടെ ഭാവിയെക്കുറിച്ചുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഫെഡറലിസം സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ദിനമായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങിയ നേതാക്കള്‍ ജെഎസി യോഗത്തില്‍ പങ്കെടുത്തു.