അയോധ്യയില്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് വിയോജിപ്പ്': ഉദയനിധി സ്റ്റാലിന്‍

ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രമുഖരെ ക്ഷണിക്കുന്ന സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം

Update: 2024-01-18 11:22 GMT

ചെന്നൈ: അയോധ്യയില്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് തമിഴ്‌നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ഡിഎംകെ എതിര്‍ക്കുന്നില്ല. എന്നാല്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ല. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രമുഖരെ ക്ഷണിക്കുന്ന സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം.

    അതേസമയം, അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ മറുനീക്കത്തിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയുമടക്കമുള്ള നേതാക്കള്‍ 22ന് മറ്റ് ക്ഷേത്രങ്ങളിലെ പൂജകളില്‍ പങ്കെടുക്കും. പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യയിലേക്കില്ലെന്ന് ശരദ് പവാറും അരവിന്ദ് കെജരിവാളും വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ അയോധ്യയിലേക്ക് പോകാതെ വിവിധ ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കള്‍. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മമത ബാനര്‍ജി മത സൗഹാര്‍ദ്ദ റാലിയിലും പങ്കെടുക്കും. നാസിക്കിലെ ശ്രീരാമക്ഷേത്രമായ കാലാറാം ക്ഷേത്രത്തിലെ മഹാ ആരതിയില്‍ ഉദ്ധവ് താക്കറേ ഭാഗമാകും. ഹനുമാന്‍ ചാലീസ ചൊല്ലി ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പദ്ധതി.

    മോദിയും ആര്‍എസ്എസും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്ന വിമര്‍ശനം ഉന്നയിച്ചാണ് നേതാക്കള്‍ മാറി നില്‍ക്കുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മറികടന്ന് ഉത്തര്‍പ്രദേശ് മുന്‍ പിസിസി അധ്യക്ഷന്‍ നിര്‍മ്മല്‍ ഖത്രി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. രാമനില്‍ നിന്ന് രാമഭക്തരെ അകറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു. ക്ഷണം സ്വീകരിച്ച ശരദ് പവാര്‍ പണിപൂര്‍ത്തിയായ ശേഷം അയോധ്യയിലെത്താമെന്ന് ക്ഷേത്ര ട്രസ്റ്റിനെ അറിയിച്ചു. പ്രതിഷ്ഠാ ദിനം കഴിഞ്ഞ് പോകുമെന്നാണ് കെജരിവാളിന്റെയും നിലപാട്. പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ സഖ്യം പൊതു നിലപാടെടുക്കുമ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അമര്‍ഷവുമുണ്ട്.

Tags:    

Similar News