'മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്'; ഹിന്ദി നിര്‍ബന്ധമാക്കിയ കേന്ദ്രത്തിനെ കടന്നാക്രമിച്ച് സ്റ്റാലിന്‍
ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ ഐക്യം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എം കെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോട് ശക്തമായി പ്രതികരിച്ചാണ് സ്റ്റാലിന്റെ കേന്ദ്രത്തിനുള്ള കത്ത്.
ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിച്ച് ഇനിയൊരു ഭാഷായുദ്ധത്തിന് നിര്‍ബന്ധിക്കരുതെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ ഐക്യം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എം കെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോട് ശക്തമായി പ്രതികരിച്ചാണ് സ്റ്റാലിന്റെ കേന്ദ്രത്തിനുള്ള കത്ത്.
ഇത് നടപ്പാക്കിയാല്‍ ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. 'ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുന്‍കാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ പാഠം പഠിക്കുന്നത് നന്നായിരിക്കും'- തമിഴ്‌നാട്ടിലെ മുന്‍കാല ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ വേഗത്തിലാണ് നടപ്പിലാക്കുന്നത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ 11ാം വാല്യത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ് കത്ത് പങ്കുവച്ച് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നിലപാട് ഇന്ത്യയുടെ ഐക്യത്തെ ബാധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ യൂണിയന്റെ അഖണ്ഡതയെ അപകടപ്പെടുത്തുന്ന ശുപാര്‍ശകള്‍ അടങ്ങിയിട്ടുണ്ടെന്ന് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.
ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസ്, കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങി എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉള്‍പ്പെടുത്താന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഇതിനോടാണ് സ്റ്റാലിന്റെ രൂക്ഷ വിമര്‍ശനം.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തമിഴ് ഉള്‍പ്പെടെ 22 ഭാഷകള്‍ക്ക് തുല്യാവകാശം ഉണ്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ മറികടന്ന് പാര്‍ലമെന്ററി സമിതി ഇന്ത്യയിലുടനീളം ഹിന്ദിയെ പൊതുഭാഷയായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി 'ഭാരത് മാതാ കീ ജയ്' ഉയര്‍ത്തുന്നവര്‍ ഹിന്ദിക്ക് അനാവശ്യവും അന്യായവുമായ പ്രധാന്യം നല്‍കുകയും മറ്റ് ഇന്ത്യന്‍ ഭാഷകളോട് വിവേചനം കാണിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ അന്തസ്സിന് വിരുദ്ധമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യയില്‍ പ്രായോഗികമായി അസാധ്യമായ ഒരു പൊതു ഭാഷ നിര്‍ബന്ധമാക്കുന്നത് ഹിന്ദി സംസാരിക്കുന്നവര്‍ മാത്രമേ ഇന്ത്യയിലെ ശരിയായ പൗരന്മാരാണെന്ന് പ്രസ്താവിക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ രണ്ടാം തരം പൗരന്മാരാണ്. ഇത് ഭിന്നിപ്പിക്കുന്ന സ്വഭാവമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സ്വഭാവമെന്നും അതിനാല്‍ എല്ലാ ഭാഷകളെയും തുല്യമായി പരിഗണിക്കണമെന്നും എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷകളാക്കാന്‍ കേന്ദ്രം ശ്രമിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. മുകളില്‍ പറഞ്ഞ തത്വത്തിന് വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഹിന്ദി അടിച്ചേല്‍പ്പിച്ച് മറ്റൊരു ഭാഷാ യുദ്ധത്തിന് നിര്‍ബന്ധിക്കരുതെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.