ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച തീരുമാനങ്ങളെടുത്ത് മന്ത്രിസഭായോഗം

വയനാട്: വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് തീരുമാനങ്ങളെടുത്ത് മന്ത്രിസഭായോഗം.നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 ബി ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകും.
വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും എന്നതിനാലും പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃ ക്രമീകരിക്കും.
വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും യോഗം അംഗീകരിച്ചു.ഒരു വീട് നിർമ്മിക്കുന്നതിനുളള സ്പോൺസർഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കും.