കൈയേറ്റം ആരോപിച്ച് തെലുങ്ക് സൂപര്‍ താരം നാഗാര്‍ജുനയുടെ കണ്‍വന്‍ഷന്‍ സെന്റര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു

Update: 2024-08-24 10:27 GMT

ഹൈദരാബാദ്: കൈയേറ്റം ആരോപിച്ച് തെലുങ്ക് സൂപര്‍താരം നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്റ് അസെറ്റ്‌സ് മോണിറ്ററിങ് ആന്റ് പ്രൊട്ടക്ഷന്‍ അധികൃതരാണ് നടപടിയെടുത്തത്. പൊതുസ്ഥലങ്ങളും ജലാശയങ്ങളും കൈയേറിക്കൊണ്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് അധികൃതര്‍ അറിയിച്ചു. പത്തേക്കര്‍ വിസ്തൃതിയുണ്ടായിരുന്നു നാഗാര്‍ജുനയുടെ ദ എന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്. പാരിസ്ഥിതിക നിയമങ്ങളുള്‍പ്പെടെ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. തുംകുണ്ട തടാകത്തിന്റെ 1.12 ഏക്കര്‍ ഭാഗം കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ കൈയേറിയെന്നാണ് ആരോപണം. ഇതിനുപുറമേ തടാകത്തിന്റെ ബഫര്‍ സോണിലുള്‍പ്പെടുന്ന രണ്ടേക്കര്‍ ഭൂമിയും കൈയേറിയിരുന്നു. തുടര്‍ന്നാണ് കണ്‍വന്‍ഷന്‍ സെന്റര്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആഡംബര വിവാഹങ്ങളും കോര്‍പറേറ്റ് യോഗങ്ങളും നടക്കുന്ന ആന്ധ്രയിലെ ഏറെ പ്രശസ്തമായ കണ്‍വന്‍ഷന്‍ സെന്ററാണിത്. അതേസമയം, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടത്തിയതെന്ന് നാഗാര്‍ജുന എക്‌സില്‍ കുറിച്ചു. കോടതി തനിക്കെതിരേ തീരുമാനമെടുത്തിരുന്നെങ്കില്‍ താന്‍ തന്നെ പൊളിക്കുമായിരുന്നു. ഭൂമി പട്ടയഭൂമിയാണ്. ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ല. നിലവില്‍ പൊളിച്ചുമാറ്റുന്നതിന് സ്‌റ്റേ ഉത്തരവുണ്. കെട്ടിടം പേളിക്കുന്നതിന് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ പ്രസ്താവന ഇറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News