ജഹാംഗീര്‍പുരിക്ക് പിന്നാലെ ഡല്‍ഹിയിലെ ഇടിച്ചുനിരത്തല്‍ ഇതര മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലേക്കും?
ഡല്‍ഹിയില്‍ ധാരാളം ബംഗ്ലാദേശികളും റോഹിന്‍ഗ്യകളും ഉണ്ടെന്ന ഭരണകക്ഷിയായ എഎപിയുടെ പ്രസ്ഥാവനയുടെ ചുവട്പിടിച്ച് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തലിന് ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞതായി ദൈനിക് ജാഗരണ്‍ റിപോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളായ ഓഖ്‌ലയിലും ഷഹീന്‍ ബാഗിലും അധികൃതര്‍ ഇടിച്ചുനിരത്തലിന് കച്ചമുറുക്കുന്നതായി റിപോര്‍ട്ട്. ഡല്‍ഹിയിലെ ഭരണകക്ഷിയായ എഎപിയുടെ ഒത്താശയോടെയാണ് മുസ്‌ലിം ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളും കൈയേറ്റം ആരോപിച്ച് ഇടിച്ചുനിരത്താന്‍ നീക്കം നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ധാരാളം ബംഗ്ലാദേശികളും റോഹിന്‍ഗ്യകളും ഉണ്ടെന്ന ഭരണകക്ഷിയായ എഎപിയുടെ പ്രസ്ഥാവനയുടെ ചുവട്പിടിച്ച് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തലിന് ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞതായി ദൈനിക് ജാഗരണ്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഓഖ്‌ല, ഷഹീന്‍ ബാഗ് ഉള്‍പ്പെടെ ആറു മേഖലകളില്‍ റോഹിന്‍ഗ്യന്‍, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അവര്‍ റോഡുകള്‍ കൈയേറുകയും മാലിന്യ കേന്ദ്രങ്ങളുടെ മറവില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും 'ഒഴിപ്പിക്കല്‍' യജ്ഞത്തിലൂടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനാവുമെന്നുമാണ് അധികൃതരുടെ ഭാഷ്യം.
അതിനിടെ, റോഹിന്‍ഗ്യന്‍, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണങ്ങള്‍ക്ക് ബിജെപി ഇതിനോടകം തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. റോഹിന്‍ഗ്യകളേയും ബംഗ്ലാദേശികളേയും ബിജെപി ജഹാംഗീര്‍പുരിയില്‍ കുടിയിരിത്തിയിരിക്കുകയാണെന്നും ഇവരാണ് കലാപമുണ്ടാക്കിയതെന്നുമാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്. ബിജെപിക്ക് പൊളിച്ചുനീക്കലിനുള്ള മൗനാനുവാദമായാണ് ഈ പ്രസ്ഥാവനയെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും ബിജെപി അനധികൃതമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് അവര്‍ രാജ്യത്ത് സ്ഥിരതാമസമാക്കിയത്? ബിജെപിയുടെ സ്വന്തം ആളുകള്‍ക്കൊപ്പമാണ് ഇവരെ കുടിയിരുത്തിയത്. ഇവരെ എവിടെയെങ്കിലും പാര്‍പ്പിച്ച ശേഷം നേരത്തേ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് കലാപങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയിലും രാജ്യത്തിന്റെ ഇതര മേഖലകളിലും ബംഗ്ലാദേശികളെയും റോഹിന്‍ഗ്യകളേയും ബിജെപി കുടിയിരുത്തുകയാണെന്ന് എഎപി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ആരോപിച്ചതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഈ ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും ഡല്‍ഹിയില്‍ പാര്‍പ്പിച്ച് കലാപമുണ്ടാക്കാന്‍ ബിജെപി അവരെ ഉപയോഗിച്ചുവെന്നും ഒരു തെളിവും പങ്കുവയ്ക്കാതെ ഇയാള്‍ ആരോപിക്കുകയും ചെയ്തിരുന്നു.
അതിനിടെ, തങ്ങളുടെ അധികാരപരിധിയിലുള്ള 'ബംഗ്ലാദേശികളും റോഹിങ്ക്യകളും സാമൂഹിക വിരുദ്ധരും' നടത്തുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ ബുള്‍ഡോസിങ് നടത്തണമെന്ന് ആവശ്യപ്പെട്ട്
ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത തെക്ക്, കിഴക്കന്‍ ഡല്‍ഹിയിലെ കോര്‍പറേഷന്‍ മേയര്‍മാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ജഹാംഗീര്‍പുരിയിലെ കലാപകാരികളെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സംരക്ഷിക്കുകയാണെന്നും ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു.
എസ്ഡിഎംസി കയ്യേറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എസ്ഡിഎംസി) മേയര്‍ മുകേഷ് സൂര്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ബുള്‍ഡോസര്‍ ആവശ്യമാണെങ്കില്‍, തങ്ങള്‍ അത് ഉപയോഗിക്കും. അനധികൃത കയ്യേറ്റങ്ങള്‍ നീക്കാന്‍ മുതിര്‍ന്ന നേതാവ് താല്‍പര്യം കാണിക്കുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യണം. ഓഖ്‌ലയിലും ഖാന്‍പൂരിലും മറ്റും നിരവധി അനധികൃത കൈയേറ്റങ്ങള്‍ ഉണ്ട്, അവ കൈകാര്യം ചെയ്യുമെന്ന മുകേഷ് സൂര്യയുടെ ഭീഷണി മുസ്‌ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ വീണ്ടും രാജ്യ തലസ്ഥാനത്ത് ബുള്‍ഡോസറുകള്‍ ഉരുളുമെന്ന് തന്നെയാണ് സൂചന നല്‍കുന്നത്.