മെട്രോ സ്റ്റേഷനുകളിൽ കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ; സംഭവത്തിന് പിന്നിൽ മോദിയും ബിജെപിയുമെന്ന് എഎപി

Update: 2024-05-20 12:38 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനുകളില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകള്‍. ഡല്‍ഹി രാജീവ് ചൗക്കിലും പട്ടേല്‍ നഗര്‍ മെട്രോ സ്‌റ്റേഷനിലുമാണ് കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നാണ് എഎപിയുടെ ആരോപണം. ഗൂഢാലോചനകള്‍ നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസിലാണെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

'അരവിന്ദ് കെജ് രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് മുതല്‍ ബിജെപി വല്ലാതെ അസ്വസ്ഥരാണ്. ഇപ്പോള്‍ കെജ് രിവാളിനെതിരെ ആക്രമണം നടത്താനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ ഗൂഢാലോചനകള്‍ എല്ലാം നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. രാജീവ് ചൗക്ക്, പടേല്‍ നഗര്‍ മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് കെജ് രിവാളിനെതിരായ ഭീഷണികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്,' സഞ്ജയ് സിങ് പറഞ്ഞു.

പ്രധാനമന്ത്രിയും ബിജെപിയും ചേര്‍ന്ന് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫിസിനും ബിജെപിക്കും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ ട്രെയിനുകള്‍ക്കുള്ളിലും ചുവരെഴുത്തുകള്‍ ഉള്ളതായാണ് റിപോര്‍ട്ട്. ഡല്‍ഹി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിടാനിരിക്കുന്ന പരാജയത്തെ കുറിച്ച് ബിജെപി അസ്വസ്ഥരാണെന്നും അവര്‍ കെജ് രിവാളിനെതിരെ സ്വാതി മലിവാളിനെ ഉപയോഗിക്കുകയാണെന്നും എഎപി നേതാവ് അതിഷി ചൂണ്ടിക്കാട്ടി. മെട്രോ സ്‌റ്റേഷനുകളിലെ ചുവരെഴുത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കെജ് രിവാളിന്റെ ജീവന് ഭീഷണിയുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരുണ്ട്. എന്നിട്ടും വിഷയത്തില്‍ പോലിസ് അന്വേഷണം ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News