കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന;ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചു.വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ജലീലില്‍ കോണ്‍സുലേറ്റ് ജനറലുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും ഇത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമാണെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2022-07-21 12:04 GMT
കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന;ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: മുന്‍മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ജലീലില്‍ കോണ്‍സുലേറ്റ് ജനറലുമായി അടച്ചിട്ട മുറിയില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും ഇത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമാണെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാജ്യത്തിന്റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ടത്തിന് വിരുദ്ധമാണെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ചവരുടെ ചിത്രം സഹിതം മാധ്യമം ദിനപ്രത്രം നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ നടപടി.ഗള്‍ഫ് മേഖലയില്‍ പത്രം നിരോധിപ്പിക്കാന്‍ സാധിച്ചാല്‍ അതുവഴി സര്‍ക്കാരിലും പാര്‍ട്ടിയിലും തനിക്ക് കൂടുതല്‍ സ്വാധീനം നേടാന്‍ കഴിയുമെന്ന് കണക്ക് കൂട്ടിയായിരുന്നു ജലീലിന്റെ ഈൗ നടപടിയെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.ഒപ്പം യുഎഇ ഭരണാധികാരിയുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാമെന്നും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു.

കേരളത്തിനകത്തും പുറത്തുമായിനിരവധി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനും ജലീല്‍ പദ്ധതിയിട്ടിരുന്നുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.തന്നില്‍ നിന്നും എന്‍ ഐ എ പിടിച്ചെടുത്ത ഒരു മൊബൈല്‍ ഫോണ്‍ മഹസറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ ഫോണിലുണ്ടായിരുന്നുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

Tags:    

Similar News