സവര്‍ണ സംവരണം: ചതി പുറത്തായതോടെ സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തില്‍

സവര്‍ണ സംവരണത്തിനു പിന്നിലെ സാമൂഹിക അട്ടിമറികളെക്കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ വസ്തുതാപരമായി പ്രതികരിക്കുന്നില്ല. എതിര്‍പ്പുകളെ വര്‍ഗീയ കാര്‍ഡിറക്കി നേരിടാനാനുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവരുടെ ശ്രമവും സര്‍ക്കാരിനും മുന്നണിക്കും തിരിച്ചടിയാവുകയാണ്.

Update: 2020-10-27 09:55 GMT



പിസി അബ്ദുല്ല

കോഴിക്കോട്: തൊഴില്‍,വിദ്യാഭ്യാസ മേഖലകളില്‍ തിടുക്കപ്പെട്ട് നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനു പിന്നിലെ വലിയ ചതികളോരോന്നും വെളിച്ചത്തായതോടെ സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായി. സര്‍ക്കാരിനെ ഇതേവരെ പിന്തുണച്ച ന്യൂനപക്ഷ, ഈഴവ വിഭാഗങ്ങളും സവര്‍ണ സംവരണത്തിനെതിരേ രംഗത്തു വന്നത് പിണറായി സര്‍ക്കാരിന്‍റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുമെന്നതിന്‍റെ കൃത്യമായ സൂചനകളാണു പുറത്തു വരുന്നത്.

ന്യൂനപക്ഷ, പിന്നാക്കാവകാശങ്ങളെ പാടെ കവരുന്നതാണ് പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന സവര്‍ണ സംവരണമെന്നതിന്‍റെ വിശദാംശങ്ങള്‍ വ്യാപക ചര്‍ച്ചയായത് സിപിഎം,സര്‍ക്കാര്‍ വക്താക്കളുടെ ഉത്തരം മുട്ടിച്ചു. സവര്‍ണ സംവരണത്തിനു പിന്നിലെ സാമൂഹിക അട്ടിമറികളെക്കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ വസ്തുതാപരമായി പ്രതികരിക്കുന്നില്ല. എതിര്‍പ്പുകളെ വര്‍ഗീയ കാര്‍ഡിറക്കി നേരിടാനാനുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവരുടെ ശ്രമവും സര്‍ക്കാരിനും മുന്നണിക്കും തിരിച്ചടിയാവുകയാണ്.

തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്നാക്ക പ്രീണനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത്. ബിജെപി സവര്‍ണ സംവരണത്തെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ 'വിശാല ഹിന്ദുത്വ താല്‍പര്യത്തിന്‍റെ' ഭാഗമായ വെള്ളാപ്പള്ളിയടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തു വരില്ലെന്നായിരുന്നു സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കണക്കു കൂട്ടല്‍. എന്നാല്‍, പിന്നാക്കാവകാശങ്ങളെ തട്ടിപ്പറിക്കുന്നതാണ് സവര്‍ണ സംവരണമെന്ന് തെളിഞ്ഞതോടെ എസ്എന്‍ഡിപി എതിര്‍പ്പുമായി രംഗത്തെത്തി.

സവര്‍ണ സംവരണത്തിലെ ചതിക്കുഴികള്‍ അക്കമിട്ടു നിരത്തിയാണ് പിണറായി സര്‍ക്കാരിനെ ഇതേവരെ പിന്തുണച്ച എപി സുന്നി വിഭാഗവും പ്രതിഷേധ ക്കൂട്ടായ്മയിലുള്ളത്.

സര്‍ക്കാര്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം ന്യുനപക്ഷ,പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

വിദ്യാഭ്യാസമേഖലയിൽ

ആകെ സീറ്റിന്റെ പകുതിയുള്ള ജനറൽ സീറ്റിന്റെ പത്ത് ശതമാനം സംവരണം ചെയ്യുന്നു എന്നാണ് ആദ്യം സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, മൊത്തം സീറ്റിന്റെ പത്ത് ശതമാനം മുന്നാക്ക സംവരണമാക്കിയാണ് യഥാര്‍ഥത്തില്‍ നടപ്പാക്കിയത്. പിന്നാക്കക്കാർക്ക് സംവരണക്കുറവുള്ള മേഖലകളിലും മുന്നാക്കക്കാർക്ക് പത്ത് ശതമാനം തന്നെയാണ് സംവരണം നടപ്പിലായി.

മെഡിക്കൽ പി ജിക്ക് ആകെ 849 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതിൽ 427 സീറ്റ് സംസ്ഥാന മെറിറ്റാണ്. സർവീസ് ക്വാട്ട കൂടി പി ജി പ്രവേശനത്തിലുണ്ട്. സംവരണ തോത് പ്രകാരം പത്ത് ശതമാനം സീറ്റായ മുപ്പത് സീറ്റ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കിട്ടും. ഹൈന്ദവരിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗമായ ഈഴവർക്ക് മൂന്നു ശതമാനം സംവരണമാണ് പി ജി യിൽ ഉള്ളത്, 13 സീറ്റ്. പിന്നാക്ക ഹിന്ദുവിന് ഒരു ശതമാനവും ലത്തീൻ കത്തോലിക്കർക്ക് ഒരു ശതമാനവും സംവരണമുണ്ട്.

രണ്ടു ശതമാനമാണ് മുസ്‌ലിം സംവരണം. ഒമ്പത് സീറ്റ്. ഏറ്റവും വലിയ സംവരണവിഭാഗമായി മുന്നാക്കക്കാർ മാറുകയാണ് പുതിയ സര്‍ക്കാര്‍ നടപടിയിലൂടെ സംഭവിച്ചത്.

ഉപരി പഠനത്തിനായി മുന്നാക്കക്കാർക്ക് പത്ത് ശതമാനത്തിലധികം സീറ്റുകൾ സംവരണമായി നിശ്ചയിച്ചതും ന്യൂന പക്ഷ,പിന്നാക്ക വിഭാഗം വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ വലിയ തോതില്‍ നഷ്ടപ്പെടുത്തും.

പ്ലസ്‌ടു വിന് 13002 സീറ്റുകൾ ഈഴവ സംവരണമായും, 11313 സീറ്റുകൾ മുസ്‌ലിം സംവരണമായും മാറ്റിവെച്ചപ്പോൾ മുന്നാക്കസംവരണമായി നീക്കി വച്ചത് 16,281 സീറ്റുകളാണ്. യഥാർത്ഥത്തിൽ വേണ്ടതിന്റെ ഇരട്ടിയോളം ആണിത്.

എം ബി ബി എസിന് 1555 സീറ്റുകളാണ് സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ ഉള്ളത്. ഈഴവ വിഭാഗത്തിന് സംവരണമായി കിട്ടുക 94 സീറ്റ്. മുസ്‌ലിംകള്‍ക്ക് 84 സീറ്റ്. മുന്നാക്കവിഭാഗത്തിനാവട്ടെ ഇനി 130 സീറ്റ് ലഭിക്കും. സംവരണ സമുദായങ്ങളെക്കാൾ സംവരണം വാസ്തവത്തിൽ മുന്നാക്കക്കാർക്ക് ആയി മാറി.

പുറത്തു വന്ന അന്വേഷണ വിവരങ്ങള്‍ പ്രകാരം എം ബി ബി എസ് സംവരണ സീറ്റുകളിലെ പ്രവേശന കണക്ക് ഞെട്ടിക്കുന്നതാണ്. 933-ആം റാങ്കാണ് ഓപ്പൺ ക്വാട്ടയിൽ അവസാനമായി പ്രവേശനം കിട്ടിയ വിദ്യാർത്ഥിക്കുള്ളത്. മുസ്‌ലിം സംവരണവിഭാഗത്തിൽ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1471 ആണ്. ഈഴവ വിഭാഗത്തിൽ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1654. പിന്നാക്ക ഹിന്ദുവിഭാഗത്തിൽ 1771. ലത്തീൻ വിഭാഗത്തിൽ 1943. മുന്നാക്ക വിഭാഗത്തിലോ? മുന്നാക്ക സംവരണം വഴി അഡ്മിഷൻ കിട്ടിയ അവസാന റാങ്ക് 8416 ആണ്.മുന്നാക്ക സംവരണം സാമൂഹിക സംവരണ തത്വം തന്നെ അട്ടിമറിച്ചതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുറത്തു വന്ന മറ്റു ചില വിരങ്ങളും സംവരണ അട്ടിമറിയുടെ ആഘാതം വ്യക്തമാക്കുന്നതാണ്.

തിരുവനന്തപുരം ഗവൺമെന്റ്‌ എഞ്ചിനീയറിംഗ്‌ കോളജിൽ ഈ വര്‍ഷം പ്രവേശനം‌ ലഭിച്ച അവസാനത്തെ ജനറൽ മെറിറ്റ്‌ റാങ്ക്‌ - 247. അവസാനത്തെ മുസ്‌ലിം റാങ്ക്‌ - 399. അവസാനത്തെ ഈഴവ റാങ്ക്‌ - 413. അവസാനത്തെ എൽ സി റാങ്ക്‌ - 503.

എന്നാല്‍ പ്രവേശനം ലഭിച്ച മുന്നാക്കസംവരണക്കാരന്‍റെ റാങ്ക്‌ - 632.

കൊല്ലം തങ്ങള്‍ കുഞ്ഞ് കോളജില്‍ 574 റാങ്കുകാരനായ റാങ്കുള്ള ഈഴവ വിദ്യാര്‍ഥിക്ക് പ്രവേശനം കിട്ടിയില്ല. 624 റാങ്കുള്ള മുസ്‌ലിമിനും സീറ്റ്‌ കിട്ടിയില്ല.

എന്നാല്‍, 1,222 ആം റാങ്കുകാരനായ മുന്നാക്കക്കാരനു പ്രവേശനം ലഭിച്ചു. സവര്‍ണ സംവരണം നടപ്പായതോടെ

സംസഥാനത്തെ എല്ലാ എല്ലാ എഞ്ചിനീയറിംഗ്‌ കോളജുകളിലും ഇതാണ് അവസ്ഥ.

Tags:    

Similar News