മറാത്ത വിഭാഗം കേസ് വിധി: സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി; സാമ്പത്തിക സംവരണം ഇടതു സര്‍ക്കാരിന് തിരുത്തേണ്ടിവരും
സുപ്രീംകോടതി കോടതി വിധി സാമ്പത്തിക സംവരണത്തിന് തിരിച്ചടിയാണെന്ന് മന്ത്രി എ കെ ബാലന്‍
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ 10ശതമാനം സാമ്പത്തിക സംവരണം സംസ്ഥാന സര്‍ക്കാരിന് തിരുത്തേണ്ടിവരും. മറാത്ത വിഭാഗം കേസില്‍, 1992ലെ ഇന്ദിരസാഹ്നി കേസ് വിധി പുനപരിശോധിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. സംവരണം 50 ശതമാനത്തിന് കൂടരുതെന്നാണ് സുപ്രിംകോടതി വിധി. മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത് വിഭാഗത്തിന് 16ശതമാനം സാമ്പത്തികസംവരണം നല്‍കാനുള്ള തീരുമാനമാണ് സുപ്രീം കോടതി ഭരണഘടന ബഞ്ച്് റദ്ദാക്കിയത്. 1992ലെ ഇന്ദിര സാഹ്നി കേസ് വിധി ഭരണഘടനാപരമാണെന്നും പുനപരിശോധന ആവിശ്യമില്ലെന്നുമായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഈ പശ്ചാത്തലത്തില്‍ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം പുനപരിശോധിക്കേണ്ടി വരും.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയായിരിക്കണം സംവരണത്തിന്റെ അടിസ്ഥാനമെന്ന് ഇന്ദിരാസാഹ്നി കേസ് അടിവരയിട്ട് പറയുന്നു. 50 ശതമാനത്തിന് മേല്‍ സംവരണം ആവശ്യപ്പെട്ടാണ് മറാത്ത വിഭാഗത്തിന് വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത്. അസാധാരണ സന്ദര്‍ഭത്തില്‍ മാത്രമേ 50 ശതമാനത്തിന് മുകളില്‍ സംവരണം പാടുള്ളൂ എന്നാണ് ഇന്ദിരാസാഹ്നി കേസ് വിധി. മറാത്ത കേസില്‍ അസാധാരണ സാഹചര്യമുണ്ടോ എന്നു സുപ്രിം കോടതി ആരാഞ്ഞിരുന്നുവെങ്കിലും ഹരജിക്കാര്‍ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്, 1992 ലെ വിധി ചൂണ്ടിക്കാട്ടി സുപ്രിം കോടതി മറാത്ത കേസ് തള്ളിയത്. ഇതു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണവും ഇപ്പോള്‍ ഏതാണ്ട് അസാധുവായിരിക്കുകയാണ്.
കേരളത്തിലെ സാമ്പത്തിക സംവരണമനുസരിച്ച് 50 ശതമാനത്തിന് മുകളിലുള്ള ജനറല്‍ കാറ്റഗറിയില്‍ നിന്നാണ് 10 ശതമാനം സംവരണം നല്‍കുന്നതെന്നാണ് ഇടതു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സംവരണം 50 ശതമാനത്തിനപ്പുറത്തേക്ക് കടക്കാന്‍ പാടില്ലെന്ന ഇന്ദിരാ സാഹ്നി വിധി ശരിവെക്കുന്നതിലൂടെ, പത്ത് ശതമാനം ജനറല്‍ ക്വാട്ടയില്‍ നിന്നെടുക്കാം എന്നത് ഇപ്പോള്‍ നിയമവിരുദ്ധമായി മാറിയിരിക്കുകയാണ്. അതു കൊണ്ട് ഭരണ ഘടനവിരുദ്ധമായ നയം ഇടതുസര്‍ക്കാന് പുന:പരിശോധിക്കേണ്ടി വരും. പുനപരിശോധന സംബന്ധിച്ച് മന്ത്രി ഏകെ ബാലന്‍ ചില സൂചനകളും മാധ്യമങ്ങള്‍ക്ക് ഇന്ന് നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി കോടതി വിധി മുന്നാക്കസംവരണത്തിന് തിരിച്ചടിയാണെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു.
കേന്ദ്രം തിടുക്കത്തില്‍ പാസ്സാക്കിയെടുത്ത മുന്നാക്ക സംവരണത്തിന്റെ ചുവട് പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിലൂടെ നടത്തിയ നിയമനങ്ങളും ഇപ്പോള്‍ അസാധുവാകും. ഇടതു പക്ഷം നേരത്തെ തന്നെ ഭരണാഘടനവിരുദ്ധമായ സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ട് വക്കുന്നുണ്ട്. ഇഎംഎസ് നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ള ഇടതു ബുദ്ധിജീവികളാണ് കേരളത്തില്‍ സാമ്പത്തിക സംവരണം എന്ന സവര്‍ണ സംവരണാശയം ഉയര്‍ത്തിക്കൊണ്ടുവന്നത്.
എന്‍എസ്എസ് അടക്കമുള്ള മുന്നാക്ക വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് മുന്നാക്ക സംവരണം നടപ്പിലാക്കിയത്. സംവരണ സമുദായങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. തുടര്‍ഭരണം എന്ന ഏക അജണ്ട മുന്‍നിര്‍ത്തിയാണ് സാമ്പത്തികസംവരണം കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ സംവരണം നടപ്പിലാക്കിയിട്ടും എന്‍എസ്എസ് അവരുടെ സാമ്പ്രദായിക ഇടതുവിരുദ്ധ നിലപാടാണ് നിയമസഭ തിരഞ്ഞെടുപ്പിലുള്‍പ്പെടെ സ്വീകരിച്ചത്. എന്‍എസ്എസുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ കൊമ്പുകോര്‍ക്കല്‍, സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ സംഘര്‍ഷത്തിലാവാണ് സാധ്യത.