മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു; ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കത്ത്
കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നു ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജിക്ക് പ്രതിയുടെ കത്ത്. കേസിലെ പ്രതിയായ സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് അയച്ച മൂന്നു പേജുള്ള കത്താണ് പുറത്തായത്. നേരത്തേ, ഉന്നതരുടെ പേരുകള്‍ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന ശബ്ദരേഖയും സ്വപ്നയെ ഇതിനു നിര്‍ബന്ധിച്ചതിനു സാക്ഷിയായെന്ന വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ മൊഴിയും പുറത്തുവന്നിരുന്നു. ഇതോടെ, ഇഡിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത നേതാവിന്റെ മകന്റെയും പേര് കൂടി പറയണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നാണ് കത്തില്‍ പറയുന്നത്.
ഇത്തരത്തില്‍ ചെയ്താല്‍ ജാമ്യം ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ കഴിഞ്ഞദിവസം കസ്റ്റംസ് സംഘം ഡോളര്‍ കടത്ത് കേസിലും പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതിയും ലഭിച്ചിരുന്നു. നിലവില്‍ കോഫെപോസ വകുപ്പ് പ്രകാരം തടവ് അനുഭവിക്കുന്ന സന്ദീപ് നായരെയും നേരത്തേ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍, കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ED officials forced to name CM; Sandeep Nair's Letter to District Judge