ഇവിഎം കടത്തുന്നത് പിടിക്കപ്പെട്ട യുപിയിലും ബിഹാറിലും വോട്ടെണ്ണലില്‍ ഗുരുതര പിഴവുകള്‍
ഉത്തര്‍പ്രദേശിലും ബിഹാറിലും ഇവിഎമ്മുകള്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കൊണ്ടുള്ള വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ദുരൂഹത അവസാനിക്കുന്നതിന് മുമ്പാണ് വോട്ടുകളുടെ എണ്ണത്തിലെ വ്യത്യാസം പുറത്തുവന്നിരിക്കുന്നത്.
ന്യുഡല്‍ഹി: ബീഹാറിലും ഉത്തര്‍പ്രദേശിലുമുള്ള വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ കാര്യമായ വ്യത്യാസം. ഏതാനും മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടിനെക്കാള്‍ കുറവ് വോട്ടുകള്‍ മാത്രമാണ് ഇവിഎമ്മുകളില്‍ ഉണ്ടായിരുന്നതെന്നും ന്യൂസ്‌ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് പുറത്തുവിട്ട വാര്‍ത്ത ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് തിരുത്തലുകളോട് കൂടി വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത തിരുത്താനുള്ള കാരണവും ന്യൂസ് ക്ലിക്ക് വ്യക്തമാക്കിയിട്ടുണ്ട്.
പട്‌ന സാഹിബ്, ജഹനാബാദ്, ബെഗുസരായ് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് വോട്ടുകളാണ് പോള്‍ ചെയ്തതിലും അധികം എണ്ണിയത്. ജഹനാബാദില്‍ 23,079 വോട്ടുകളാണ് അധികമെണ്ണിയത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ജനതാദള്‍ യുനൈറ്റഡിലെ ചന്ദ്രേശ്വര്‍ പ്രസാദ് 1751 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലും ബിഹാറിലും ഇവിഎമ്മുകള്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കൊണ്ടുള്ള വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ദുരൂഹത അവസാനിക്കുന്നതിന് മുമ്പാണ് വോട്ടുകളുടെ എണ്ണത്തിലെ വ്യത്യാസം പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ നല്‍കിയ അവസാന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ വാര്‍ത്ത തിരുത്തിയതെന്ന് ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ പുറത്ത് വിട്ട റിപോര്‍ട്ടില്‍ നല്‍കിയിരുന്ന മണ്ഡലങ്ങളില്‍ ചിലതില്‍ വോട്ടിലെ വ്യത്യാസങ്ങള്‍ വലുതല്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും വിശദീകരണമുണ്ട്.
ലോക്സഭാ മണ്ഡലം | വോട്ടർമാർ | പോളിംഗ് | പോൾ ചെയ്ത വോട്ട് | എണ്ണിയ വോട്ട് | വോട്ടിലുള്ള വ്യത്യാസം |
പട്ന സാഹിബ് | 2136800 | 43.10 | 920961 | 982939 | -61978 |
ബഗുസരായ് | 1942769 | 62.32 | 1210734 | 1226503 | -15769 |
ജഹനാബാദ് | 1575018 | 53.67 | 845312 | 822233 | 23079 |
ബദൗൻ | 1890129 | 56.70 | 1071744 | 1081108 | -9364 |
ഫറുഖാബാദ് | 1703926 | 58.72 | 1000563 | 1002953 | -2390 |
പട്‌ന സാഹിബ് മണ്ഡലത്തില്‍, ബിജെപിയുടെ രവിശങ്കര്‍ പ്രസാദിനെതിരേ മത്സരിച്ചത് കോണ്‍ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹയായിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ 21.368 ലക്ഷം പേരാണ് മണ്ഡലത്തില്‍ യോഗ്യതയുള്ള ആകെ വോട്ടര്‍മാര്‍. മെയ് 19 നു നടന്ന തിരഞ്ഞെടുപ്പില്‍ 43.10 ശതമാനം പോളിംഗ് മാത്രമാണ് ഉണ്ടായത്. മേയ് 23 ന് വോട്ടെണ്ണിയപ്പോള്‍ 9,82,939 വോട്ടുകളാണ് എണ്ണിയത്. ആകെ വോട്ടര്‍മാരില്‍ 43.10 ശതമാനം വരുന്നത് 9,20,961 വോട്ടുകളാണ്. 61,978 വോട്ടുകളാണ് മണ്ഡലത്തില്‍ അധികമെണ്ണിയത്.
ഗിരിരാജ് സിംഗ് മത്സരിക്കുന്ന ബെഗുസരായി മണ്ഡലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സമാനമായ സ്ഥിതിയാണ്. 19.428 ലക്ഷം വോട്ടര്‍മാരാണ് ആകെ മണ്ഡലത്തിലുള്ളത്, 62.32 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. 12,10,734 വോട്ടുകളാണ് എണ്ണേണ്ടത്. എന്നാല്‍, ഇവിടെ 15769 വോട്ടുകളാണ് അധികമെണ്ണിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിഹാറിലെ ജഹനാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 15,75,018 ആണ്. 53.67 ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ മൊത്തം വോട്ട് 8,22,065 ആണ് ഇവിഎമ്മില്‍ ഉണ്ടാകേണ്ടത് എന്നാല്‍ 23,079 വോട്ടുകള്‍ അധികം എണ്ണിയിട്ടുണ്ട്. ഇവിടെ ജെഡിയു സ്ഥാനാര്‍ഥി വിജയിച്ചത് 1751 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
തിരഞ്ഞെടുപ്പിൽ വലിയ കളികൾ നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ശത്രുഘ്നൻ സിൻഹ ഒരു വാർത്താ ഏജൻസിയോട് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. അതേസമയം നിലവിലെ സാഹചര്യം സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. പാർട്ടിയുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നത് വരെ പൊതുപ്രസ്താവന നടത്തുന്നില്ലെന്ന് കനയ്യകുമാർ ന്യൂസ് ക്ലിക്കിനോട് പറഞ്ഞു. കോൺഗ്രസ് ഈ വിഷയം നിയമപരമായി നേരിടുമെന്ന് ബിഹാറിലെ തിരഞ്ഞെടുപ്പിൽ സജീവമായിരുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം പറഞ്ഞതായും റിപോർട്ടുകളുണ്ട്.