എക്‌സ് മുസ്‌ലിം എന്ന ജീവിവര്‍ഗം

Update: 2025-03-18 12:41 GMT
എക്‌സ് മുസ്‌ലിം എന്ന ജീവിവര്‍ഗം

അനാമിക

എക്‌സ് മുസ്‌ലിം എന്ന പേരില്‍ സ്വയം അവരോധിതരായ ഇസ്‌ലാം ഉപേക്ഷിച്ചവരുടെ ഒരു ഗ്രൂപ്പിനെപ്പറ്റി പഠിക്കാന്‍ അന്വേഷിച്ചിറങ്ങിയ, ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ടു ലേഖകര്‍ക്ക് വലിയ നിരാശ തോന്നിക്കാണും! മുസ്‌ലിംകള്‍ക്കിടയില്‍ നാസ്തികരുടെ എണ്ണം വര്‍ധിക്കുന്നു എന്നു സ്ഥാപിക്കാനാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍ ഇന്ത്യയില്‍ അവരുടെ എണ്ണം ലജ്ജാകരമാം വിധം പരിമിതമാണ് എന്നു മനസ്സിലാക്കുമ്പോഴുള്ള നിരാശ ചില്ലറയല്ല.

കേരളത്തില്‍ യുക്തിവാദികളില്‍ ചിലര്‍ പ്രചാരണ സൗകര്യത്തിനും മാധ്യമങ്ങളില്‍ ഇടയ്ക്ക് മുഖം കാണിക്കാനുമായി എക്‌സ്മുസ്‌ലിം എന്ന പേരില്‍ അവതരിക്കാറുണ്ട്. അങ്ങനെ വാദിച്ച കോഴിക്കോട്ടോ മറ്റോ ഉള്ള ഒരു മതനിഷേധി അവസാനം ചെന്നുപെട്ടത് ബിജെപിയിലാണ്. പാപി ചെന്നിടം പാതാളം എന്നു പറയാറില്ലേ! അവസാനം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളി അറിഞ്ഞതുകൊണ്ടോ മറ്റോ എക്‌സിറ്റടിച്ച മട്ടുണ്ട്.

സണ്‍ഡേ ടൈംസില്‍ വന്ന അരപ്പേജ് ലേഖനത്തില്‍ മുഖം കാണിച്ച എക്‌സ്മുസ്‌ലിംകളില്‍ പ്രമുഖര്‍ മലപ്പുറത്തുനിന്നുള്ള ജബ്ബാറും അയാളുടെ ഭാര്യ ഫൗസിയയുമാണ്. ഇസ്‌ലാം സ്ത്രീകളോടു കാണിക്കുന്ന പെരുത്ത വിവേചനത്തില്‍ കുപിതയായാണ് ഫൗസിയ ഇസ്‌ലാം വേണ്ടെന്നുവച്ചത്. അതും ജോലിയില്‍ കയറിയ ശേഷം.

കോട്ടയത്തുനിന്നുള്ള മറ്റൊരു സ്ത്രീ, തല മറക്കണമെന്ന് ചിലര്‍ ശഠിച്ചതുകൊണ്ട് മതം തന്നെ വേണ്ടെന്നുവച്ചു. തന്റെ മക്കളെ നാസ്തികരായി വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറയുന്നു. അതെന്തായാലും എക്‌സ്മുസ്‌ലിം നേതാക്കള്‍ അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത് ഗുണം ചെയ്യും. ഇസ്‌ലാമിക ശരീഅ: മാറ്റമില്ലാത്തതുകൊണ്ടാണ് വേറൊരാള്‍ എക്‌സിലേക്ക് ചെന്നുകേറിയത്. ഈ മേഖലയില്‍ സഊദി സലഫിസം ചെലുത്തുന്ന സ്വാധീനമാണ് അയാളെ അസ്വസ്ഥനാക്കുന്നത്. ഈ മേഖലയില്‍ ആധുനികമായ ഒട്ടേറെ പഠനങ്ങള്‍ നടന്നതൊന്നും ടിയാന്‍ മനസ്സിലാക്കി കാണില്ല.

മാധ്യമപ്രവര്‍ത്തകനായ ഹസന്‍ സുറൂര്‍, ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഇന്ത്യയില്‍ ഇസ്‌ലാം ഉപേക്ഷിക്കുന്നു എന്നവകാശപ്പെടുന്നു. അവര്‍ നോമ്പെടുക്കുകയോ നമസ്‌കരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സുറൂര്‍ ചൂണ്ടിക്കാണിക്കുന്ന തെളിവ്. ഇസ്‌ലാം ഉപേക്ഷിച്ചു പോയവരില്‍ പലരും ഇസ്‌ലാമോഫോബിയയുടെ ഇരകളാണെന്ന വിചിത്ര വസ്തുതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

യുഎസിലെ പ്യൂരിഡേറ്റ് സെന്ററിന്റെ ഒരു പഠനമനുസരിച്ച് പൊതുവില്‍ ഇസ്‌ലാം ഉപേക്ഷിക്കുന്നവരുടെയും ആശ്ശേഷിക്കുന്നവരുടെയും എണ്ണം ഏതാണ്ട് തുല്യമാണ്. അതായത് തങ്ങളുടെ എണ്ണം കുറയുന്നു എന്ന ബേജാറ് ഏതായാലും മുസ്‌ലിംകള്‍ക്ക് വേണ്ട! ഇസ്‌ലാം ഉപേക്ഷിച്ച സദാഖത്ത് ഖുറൈഷിയെ പറ്റി ലേഖനത്തില്‍ പരാമര്‍ശമുണ്ട്. അയാള്‍ ഇസ്‌ലാമിലെ അസഹിഷ്ണുത സഹിക്കാതെ ചെന്നുപെട്ടത് ഹിന്ദുമതത്തില്‍! പേര് സിദ്ധാര്‍ഥ് ചതുര്‍വേദി എന്നാക്കി മാറ്റുകയും ചെയ്തു. ഖുര്‍ആന്‍ കൂലങ്കഷമായി വായിച്ച ശേഷമാണ് അയാള്‍ ചതുര്‍വേദിയാകാന്‍ തീരുമാനിച്ചത്. പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട പന്തളത്ത് എന്ന പഴഞ്ചൊല്ല് കേരളത്തിനപ്പുറത്തുള്ള അയാള്‍ കേട്ടുകാണില്ല.

Similar News