സിഖ് വിമതനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന:ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പ്രതിയാക്കി അമേരിക്ക

രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഉദ്യോഗസ്ഥനായിരുന്ന വികാസ് യാദവാണ് പ്രതി

Update: 2024-10-18 04:47 GMT

വാഷിങ്ടണ്‍: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനാ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്ത് അമേരിക്ക. രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഉദ്യോഗസ്ഥനായിരുന്ന വികാസ് യാദവാണ് പ്രതിയെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അറിയിച്ചു.

''വികാസ് യാദവ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതിക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചതിന് അമേരിക്കന്‍ പൗരനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയിരിക്കുകയാണ്. അമേരിക്കയില്‍ ഇത്തരം അക്രമങ്ങളോ പ്രതികാരങ്ങളോ അനുവദിക്കില്ല.''-എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയുടെ പ്രസ്താവന പറയുന്നു.



പന്നുവിനെ കൊല്ലാന്‍ 2023ല്‍ വിക്രം യാദവ് വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിയെന്നാണ് കേസ്. ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് പ്രതിഫലമായി നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈ വാടകക്കൊലയാളി എഫ്ബിഐയുടെ ചാരനായിരുന്നു. കൊല നടത്താന്‍ വികാസ് യാദവ് പിന്നീട് കണ്ടെത്തിയ നിഖില്‍ ഗുപ്തയെ അമേരിക്ക നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് വിചാരണക്കായി അമേരിക്കയിലേക്ക് കൊണ്ടുവന്നു.

ഇന്ത്യയിലെ പഞ്ചാബ് കേന്ദ്രമാക്കി ഖലിസ്താന്‍ എന്ന പേരില്‍ ഒരു സ്വതന്ത്ര സിഖ് രാജ്യം സ്ഥാപിക്കണമെന്ന നിലപാടുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ നിയമോപദേശനാണ് അഭിഭാഷകന്‍ കൂടിയായ പന്നു. അമേരിക്കയിലെ സിഖുകാരെ ലക്ഷ്യമിടുന്ന നടപടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എജുക്കേഷന്‍ ഫണ്ട് അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News