ഹരിദ്വാറിലെ വിദ്വേഷപ്രസംഗങ്ങളെ അപലപിച്ച് മുന്‍ സായുധ സേനാമേധാവികള്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചു
സമൂഹത്തിലെ ഒന്നോ അതിലധികമോ ഉള്ള വിഭാഗത്തിനെതിരായി ഇത്തരം നഗ്‌നമായ ആഹ്വാനങ്ങള്‍ പോലിസ്, സൈന്യം എന്നിവയുള്‍പ്പെടെ യൂണിഫോമില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ഐക്യത്തെയും കെട്ടുറപ്പിനെയും സാരമായി ബാധിക്കുമെന്നും അവര്‍ കത്തിലൂടെ അറിയിച്ചു.
ന്യൂഡല്‍ഹി: അടുത്തിടെ ഹരിദ്വാറില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന വിദ്വേഷ പ്രസംഗങ്ങളെ അപലപിച്ച് അഞ്ച് മുന്‍ സായുധ സേനാമേധാവികള്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചു. വിദ്വേഷത്തിന്റെ പരസ്യ പ്രകടനങ്ങള്‍ക്കൊപ്പം അക്രമത്തിന് പ്രേരിപ്പിക്കുന്നതിനെ ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല, ഇത് ആഭ്യന്തര സുരക്ഷയുടെ ഗുരുതരമായ ലംഘനങ്ങള്‍ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കും.മുന്‍ സൈനിക മേധാവികള്‍ കത്തില്‍ സൂചിപ്പിച്ചു.
നമ്മുടെ അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ രാഷ്ട്രത്തിനുള്ളിലെ സമാധാനവും ഐക്യവും ലംഘിക്കുന്ന ഏത് കാര്യവും ബാഹ്യശക്തികളെ ധൈര്യപ്പെടുത്തും. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരവുമായ സമൂഹത്തിലെ ഒന്നോ അതിലധികമോ ഉള്ള വിഭാഗത്തിനെതിരായി ഇത്തരം നഗ്‌നമായ ആഹ്വാനങ്ങള്‍ പോലിസ്, സൈന്യം എന്നിവയുള്‍പ്പെടെ യൂണിഫോമില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ഐക്യത്തെയും കെട്ടുറപ്പിനെയും സാരമായി ബാധിക്കുമെന്നും അവര്‍ കത്തിലൂടെ അറിയിച്ചു.
മുന്‍ നാവികസേനാ മേധാവിമാരായ അഡ്മിറല്‍ എല്‍ രാംദാസ്, അഡ്മിറല്‍ വിഷ്ണു ഭഗവത്, അഡ്മിറല്‍ അരുണ്‍ പ്രകാശ്, അഡ്മിറല്‍ ആര്‍ കെ ധോവന്‍, മുന്‍ കരസേനാ മേധാവികളായ ലെഫ്റ്റനന്റ് ജനറല്‍ ആര്‍ കെ നാനാവതി, ലഫറ്റനന്റ് ജനറല്‍ കെ എസ് റാവു, വ്യോമ സേനാ മുന്‍ വേധാവികളായ എയര്‍ മാര്‍ഷല്‍ ടി ആര്‍ ജെ ഉസ്മാന്‍, എയര്‍മാര്‍ഷല്‍ ഫിലിപ്പ് രാജ്കുമാര്‍, എയര്‍ മാര്‍ഷല്‍ അജിത് ഭവനാനി തുടങ്ങി 100 ലധികം ഉന്നത സൈനിക ഉദ്യോഗസ്ഥരും മേധാവികളും പൗരപ്രമുഖരും ഡിപ്ലോമാറ്റുകളുമാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവര്‍ക്കു പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, രാജ്യ സഭാ അധ്യക്ഷന്‍ വെങ്കയ നായിഡു, ലോക് സഭ അധ്യക്ഷന്‍ ഓം ബിര്‍ല, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി മേധാവികള്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.