വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നു; നേതാക്കളുടെ പ്രസംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കണം: സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുകയാണെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന. ജനപ്രതിനിധികളുടെ വിവാദപ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന പ്രത്യേക വിധി പുറപ്പെടുവിച്ചത്. വിദ്വേഷ പ്രസംഗം നമ്മുടെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്ത അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ആമുഖ ലക്ഷ്യങ്ങളെ അടിച്ചമര്‍ത്തുകയാണ്. തങ്ങളുടെ അംഗങ്ങളായ നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കണം.
ഒരു മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിര്‍ദേശിക്കുന്ന വിയോജിപ്പുള്ള വിധിന്യായമാണ് ജസ്റ്റിസ് ബി വി നാഗരത്‌ന പുറപ്പെടുവിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കും, ജനങ്ങലെ ഇകഴ്ത്തി കാണിക്കുന്ന പ്രസംഗങ്ങളും തടയുന്നതിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് ജസ്റ്റിസ് ബി നാഗരത്‌ന ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ ജനങ്ങള്‍ക്ക് സിവില്‍, ക്രിമിനല്‍ കേസുകളുമായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി.
മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ തങ്ങളുടെ നേതാക്കള്‍ കടക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് നാഗരത്‌ന പ്രത്യേക വിധിയില്‍ വ്യക്തമാക്കി. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ വിവാദപ്രസംഗത്തില്‍ അധികനിയന്ത്രണങ്ങള്‍ ചുമത്താനാവില്ലെന്നാണ് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ പരാമര്‍ശം, കേരളത്തിലെ പെമ്പിളൈ ഒരുമൈ സമരത്തിനെതിരേ മുന്‍ മന്ത്രി എം എം മണി നടത്തിയ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ജനപ്രതിനിധികളുടെ പ്രസംഗത്തിനു പ്രത്യേക മാനദണ്ഡം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവിലെ സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ അഭിപ്രായമായി പരിഗണിക്കാനാവില്ല. വ്യക്തിപരമായി ഒരു മന്ത്രി നടത്തുന്ന പ്രസ്താവനയ്ക്ക് മന്ത്രിസഭ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
പൗരാവകാശം ലംഘിക്കുന്ന തരത്തിലുള്ള ജനപ്രതിനിധിയുടെ പ്രസ്താവന ഭരണഘടനാലംഘനമായി കണക്കാക്കാനാവില്ല. ഇതിനെതിരേ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കോടതിവിധിയോട് യോജിച്ചുകൊണ്ടുതന്നെ ജസ്റ്റിസ് ബി വി നാഗരത്‌ന പ്രത്യേക വിധി പ്രസ്താവം പുറപ്പെടുവിക്കുകയായിരുന്നു. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചുകൊണ്ടായിരുന്നു നാഗരത്‌ന വിധി പറഞ്ഞത്. ഒരു സമൂഹത്തെ അസമത്വമായി അടയാളപ്പെടുത്തുന്നതിലൂടെ വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ആക്രമിക്കുന്നു.
വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ സാഹോദര്യത്തെയും ഇത് ലംഘിക്കുന്നു, ഇത് ബഹുസ്വരതയിലും ബഹുസാംസ്‌കാരികതയിലും അധിഷ്ഠിതമായ ഒരു സമന്വയ സമൂഹത്തിന്റെ സിന്‍ ക്വാ നോണ്‍ ആണ്, അത് ഇന്ത്യയാണ്- ജഡ്ജി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതും സംരക്ഷിക്കുന്നതും മതപരവും ഭാഷാപരവുമായ അതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങളും തമ്മിലുള്ള ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയിലെ ഓരോ പൗരന്റെയും മൗലിക കടമയും ഭരണഘടനാപരമായ ബാധ്യതയുമാണെന്ന് ജഡ്ജി ആവര്‍ത്തിച്ചു.
സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന രീതികള്‍ ഉപേക്ഷിക്കാനും വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്താന്‍ പരിശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടന ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ എം എം മണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇനി പ്രത്യേകമായി പരിഗണിക്കും.