കൊച്ചി: വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവ് പിസി ജോര്‍ജ് കോടതിയില്‍. മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ പേരില്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമെടുത്ത കേസിലാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
രാജ്യത്തെ മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. വിഷയത്തില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
വിമര്‍ശനം ശക്തമായപ്പേള്‍, പിസി ജോര്‍ജ് മാപ്പുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ മുസ് ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി താന്‍ നിരുപാധികം പിന്‍വലിക്കുന്നുവെന്നും അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ് ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്.