''കോടതിയില്‍ പോയാലും വിധി എന്ന് കിട്ടാനാണ്?'' മഹുവ മൊയ്ത്രയുടെ 'അപകീര്‍ത്തികരമായ' പരാമര്‍ശത്തിനെതിരേ നിയമനടപടിക്കില്ലെന്ന് മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ആരെങ്കിലും ഇന്ത്യയിലെ കോടതിയിലേക്ക് ഒരു പരാതിയുമായി പോവുകയാണെങ്കില്‍ വിധിക്കു വേണ്ടി അനന്തമായി കാത്തിരിക്കേണ്ടിവരുമെന്ന് രാജ്യസഭാ അംഗവും മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായ രഞ്ജന്‍ ഗൊഗോയ്.
''കോടതിയില്‍ പോയാലും നിങ്ങള്‍ക്ക് ഒരു വിധി ലഭിക്കില്ല, ആകെ നടക്കുന്നത് വൃത്തികെട്ട അലക്കല്‍ മാത്രമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ജീര്‍ണിച്ച സംവിധാനമായിക്കഴിഞ്ഞു'' അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ രാജ്യസഭാ അംഗവും തൃണമൂല്‍ നേതാവുമായ മഹുവ മൊയ്ത്ര രാജ്യസഭയില്‍ ഗൊഗോയിക്കെതിരേ നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള ഗൊഗോയുടെ പരാമര്‍ശം.
''ജുഡീഷ്യറി ഒരു ഭരണഘടനാസ്ഥാപനമാണെന്ന കാര്യം ഊന്നിപ്പറയേണ്ടകാര്യമില്ല. നമുക്ക് 5 ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടന ആവശ്യമാണ്. പക്ഷേ, നമ്മുടെ നീതിന്യായവ്യവസ്ഥ തകര്‍ന്ന നിലയിലാണ്''- അദ്ദേഹം പറഞ്ഞു.
2020 ല്‍ ഇന്ത്യയിലെ കോടതികളില്‍ 60 ലക്ഷം പുതിയ കേസുകള്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ 3 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സുപ്രിംകോടതിയില്‍ 6,000-7,000 കേസുകള്‍ പുതുതായി ഫയല്‍ ചെയ്യപ്പെട്ടു.
അതിനര്‍ത്ഥം ഇന്ത്യയിലെ കീഴ്‌ക്കോടതികളില്‍ 4 കോടി കേസുകള്‍ കെട്ടിക്കെടുക്കുന്നുണ്ടെന്നാണ്. ഹൈക്കോടതികളില്‍ 44 ലക്ഷം കേസുകളുണ്ട്. സുപ്രിംകോടതിയില്‍ ഇത് ഏകദേശം 70,000ത്തോളം വരും.
നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമതയ്ക്കുവേണ്ടി നടപടി ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
''അതിന് പ്രാപ്തനായ ഒരാളെ കണ്ടെത്തുകയെന്നതാണ് എന്റെ മനസ്സിലുള്ള പദ്ധതി. സര്‍ക്കാരില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതുപോലെ ഒരു ജഡ്ജിയെ നിയമിക്കാനാവില്ല. ജഡ്ജിയുടേത് മുഴുവന്‍ സമയ ജോലിയാണ്. അതൊരു ആവേശമാണ്. ജോലി സമയമെന്ന മാനദണ്ഡം അവിടെ പ്രയോഗികമല്ല. 24X7 ജോലിയെന്ന് പറയാം'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീര്‍ത്തതും എയര്‍ക്രാഫ്റ്റ് അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ രക്ഷപ്പെടുത്തിയതിനും അയോധ്യക്കേസില്‍ ഹിന്ദുക്കള്‍ക്കുവേണ്ടി വിധിയെഴുതിയതിനുമുള്ള പ്രത്യുപകാരമായാണ് ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭാ സീറ്റ് വാഗ്ധാനം ചെയ്യപ്പെട്ടതെന്നായിരുന്നു മൊഹിത്ര രാജ്യസഭയില്‍ ആരോപിച്ചത്. മൊഹിത്രക്കെതിരേ താന്‍ നിയമത്തിന്റെ വഴിയിലൂടെ പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരു മുന്‍ ചീഫ് ജസ്റ്റിസിനെതിരേ ഇതുപോലൊരു ആരോപണം എപ്പോഴെങ്കിലും ഉയര്‍ത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ ഒരു ആരോപണം പറയുമ്പോള്‍ അയാളുടെ പേര് പറയണം. എനിക്കൊരു പേരുണ്ട്. ആരോപണമുന്നയിക്കുമ്പോള്‍ പേരു സൂചിപ്പിക്കപ്പെടാനുള്ള അര്‍ഹത എനിക്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2019 ഏപ്രിലിലാണ് ജൂനിയര്‍ കോടതി അസിസ്റ്റന്റ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. 2018 ഒക്ടോബര്‍ 10നും 11നും സ്വവസതിയില്‍ വച്ച് ജഡ്ജി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതുവസംബന്ധിച്ച ഒരു പരാതി അവര്‍ സുപ്രിംകോടതിയിലെ 22 ജഡ്ജിമാര്‍ക്കും അയച്ചു. ഇതുസംബന്ധിച്ച അന്വേഷണവും ആവശ്യപ്പെട്ടു. എല്ലാ ആരോപണവും ഗൊഗോയ് നിഷേധിച്ചു. മാത്രമല്ല, തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.