ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് സുപ്രിം കോടതി നടപടികള്‍ നിര്‍ദേശിച്ചത്. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന് അധിക സുരക്ഷ വേണം, ആയുധങ്ങള്‍ ആശുപത്രികളില്‍ പ്രവേശിക്കുന്നത്് തടയാന്‍ ബാഗേജ് പരിശോധന നടത്തണം, രോഗികളല്ലെങ്കില്‍ പരിധിക്കപ്പുറമുള്ള ആളുകളെ അനുവദിക്കരുത്, ആശുപത്രികളില്‍ ജനക്കൂട്ട നിയന്ത്രണം, ഡോക്ടര്‍മാര്‍ക്ക് വിശ്രമമുറികളും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വിശ്രമത്തിനായി ലിംഗഭേദമില്ലാതെയുള്ള ഇടങ്ങളും ഉണ്ടായിരിക്കണം, ഇത്തരം സ്ഥലങ്ങളില്‍ ബയോമെട്രിക്‌സും മുഖം തിരിച്ചറിയലും ഉണ്ടായിരിക്കണം, എല്ലാ സ്ഥലങ്ങളിലും ശരിയായ വെളിച്ചവും സിസിടിവിയും സ്ഥാപിക്കണം, മെഡിക്കല്‍ പ്രഫഷനലുകള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ ഗതാഗത സൗകര്യം ഒരുക്കണം, അടിയന്തിര സാഹചര്യങ്ങള്‍ക്കുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രിം കോടതി ദേശീയ ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചു.
അതിനിടെ, ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. കേസ് അന്വേഷിക്കുന്ന സിബിഐ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കോടതി വിധിക്കണമെന്നുമാണ് സമരത്തിലുള്ള ഡോക്ടര്‍മാരുടെ ആവശ്യം. സംഭവത്തില്‍ ഇന്ത്യയിലുടനീളമുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിതമായ പ്രശ്‌നം' ഉയര്‍ത്തുന്നതിനാലാണ് സ്വമേധയാ കേസെടുത്തതെന്ന് സുപ്രിം കോടതി വ്യക്തമാക്കി. 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ആഗസ്ത് ഒമ്പതിന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് കണ്ടെത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു സിവില്‍ വോളന്റിയറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.