കുരുന്നുകളുടെ കുരുതിക്കളമായി സിറിയ; സ്‌കൂളിന് നേരെയുള്ള ആക്രമണത്തില്‍ കുട്ടികളടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു

2011 മുതല്‍ സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ 370,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം 2019 ല്‍ മാത്രം 11,215 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആയിരത്തിലധികം കുട്ടികളാണ്.

Update: 2020-01-02 07:13 GMT
ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ കുരുന്നുകളുടെ കുരുതിക്കളമായി മാറുന്നു. പുതുവല്‍സര ദിനത്തില്‍ സിറിയയില്‍ സ്‌കൂളിലിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ നാല് കുട്ടികളടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബിലുള്ള സ്‌കൂളിന് നേരെയാണ് സിറിയന്‍ സര്‍ക്കാര്‍ സേന റോക്കറ്റാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതായി സിവില്‍ ഡിഫന്‍സ് ഏജന്‍സിയായ വൈറ്റ് ഹെല്‍മെറ്റ്‌സ് അറിയിച്ചു.

വടക്കു പടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ സര്‍മീന്‍ നഗരത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ കൈവശമുള്ള കേന്ദ്രമായ ഇദ്‌ലിബ് വീണ്ടടുക്കാനുള്ള ശ്രമത്തിലാണ് സിറിയന്‍ സൈന്യം. മാസങ്ങളായി ഇദ്‌ലിബില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇദ്‌ലിബിലെ 40 ഗ്രാമങ്ങളാണ് സിറിയന്‍ സേന പിടിച്ചെടുത്തത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനത്തില്‍ സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും സംയുക്തമായി ഇദ്‌ലിബിലെ വിമതര്‍ക്കെതിരേ വ്യാപകമായി ക്യാംപയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് വിമതര്‍ക്കെതിരേ രൂക്ഷമായി ആക്രമണം അഴിച്ചുവിട്ടത്തോടെ പതിനായിരങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് പലായനം ചെയ്തു. വ്യാപക ആക്രമണത്തെ തുടര്‍ന്ന് ഡിസംബര്‍ 12നും 25 നും ഇടയിലായി ഏകദേശം 2,35,000 ആളുകള്‍ പലായനം ചെയ്തതായി യുഎന്‍ ഓഫിസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ) റിപ്പോര്‍ട്ട് ചെയ്യുന്നു. 2011 മുതല്‍ സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ 370,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം 2019 ല്‍ മാത്രം 11,215 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആയിരത്തിലധികം കുട്ടികളാണ്.

Tags:    

Similar News