ഭൂകമ്പ ദുരിതാശ്വാസം; സിറിയയിലെത്താന്‍ രണ്ട് അതിര്‍ത്തി കവാടങ്ങള്‍കൂടി തുറക്കാനൊരുങ്ങി തുര്‍ക്കി

Update: 2023-02-10 06:08 GMT

അങ്കാറ: തുര്‍ക്കിക്കൊപ്പം ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ അയല്‍രാജ്യമായ സിറിയയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിപ്പെടുന്നതിന് രണ്ട് അതിര്‍ത്തി കവാടങ്ങള്‍കൂടി തുറക്കാന്‍ തുര്‍ക്കി ഒരുങ്ങുന്നു. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് കാവുസോഗ്ലുവാണ് ഇക്കാര്യം അറിയിച്ചത്. സില്‍വെഗോസു അതിര്‍ത്തി ഗേറ്റ് തുറന്നിരിക്കുന്നു. രണ്ട് ഗേറ്റുകള്‍ കൂടി തുറക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്- സിറിയയിലെത്താനുള്ള സഹായത്തിന് ആവശ്യമായ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു- തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കാവുസോഗ്ലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തുര്‍ക്കിയില്‍ നിന്ന് വടക്കന്‍ സിറിയയിലേക്കുള്ള ബാബ് അല്‍ഹവ അതിര്‍ത്തി കടന്നുള്ള റോഡ് തകര്‍ന്നതായും സായുധരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്കുള്ള സഹായ വിതരണം താല്‍ക്കാലികമായി തടസ്സപ്പെട്ടതായും യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. സിറിയയിലേക്ക് കടക്കാന്‍ യുഎന്‍ ഒരു വാഹനവ്യൂഹം തയ്യാറാക്കുകയാണ്. എന്നാല്‍, അതിന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരുമായി ഒരു പുതിയ കരാര്‍ ആവശ്യമായിവരുമെന്ന് ഡുജാറിക് കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കിയിലെ സില്‍വെഗോസു ഗേറ്റിന് കുറുകെയുള്ള ബാബ് അല്‍ഹവ, പ്രദേശത്തേക്ക് യുഎന്‍ സഹായം അനുവദിക്കുന്ന ഒരേയൊരു ക്രോസിങ് ആണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 4:17 ന് തുര്‍ക്കിയുടെ തെക്കന്‍ പ്രവിശ്യയായ കഹ്‌റാമന്‍മാരസില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ന്ന് അതേ പ്രവിശ്യയിലെ പ്രാദേശിക സമയം 1:24 ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി. തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പല രാജ്യങ്ങളും ആഗോള സഹായ ഏജന്‍സികളും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും ദുരിതാശ്വാസ സാമഗ്രികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags:    

Similar News