തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; മൂന്ന് മരണം, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

Update: 2023-02-21 02:03 GMT

അങ്കാറ: രണ്ടാഴ്ചയ്ക്ക് മുമ്പുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. തെക്കന്‍ പ്രവിശ്യയായ ഹതായിലാണ് ഭൂചലനമുണ്ടായത്. രാത്രി എട്ടുമണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ സിറിയ, ഈജിപ്ത്, ലെബനന്‍ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് പേര്‍ മരണപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു.

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ചിലരെക്കുറിച്ച് തനിക്ക് റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഹതായ് മേയര്‍ ലുത്ഫു സവാസ് ഹേബര്‍ ടര്‍ക്ക് ബ്രോഡ്കാസ്റ്ററോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 47,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. ശക്തമായ ഭൂചലനമാണുണ്ടായത്. അന്റാക്യയിലെ കെട്ടിടങ്ങള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്.

10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പറഞ്ഞു. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചനമാണുണ്ടായത്. തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ദുരിന്തനിവാരണ സേനയടക്കമുള്ള സംഘങ്ങളെ അയച്ചിരുന്നു. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത 11 പ്രവിശ്യകളിലായി ഏകദേശം 200,000 അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് പ്രസിഡന്റ് ത്വയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു.

Tags:    

Similar News