'വിവാദങ്ങളുടെ തോഴന്‍, ഭരണ കൂട വേട്ടയുടെ ദല്ലാള്‍'; എവി ജോര്‍ജ്ജ് പടിയിറങ്ങുന്നു

Update: 2022-03-18 06:24 GMT

സ്വന്തം പ്രതിനിധി


കോഴിക്കോട്: ഭരണകൂട വേട്ടയുടെ ദല്ലാളെന്നും പോലിസ് രാജിന്റെ വക്താവെന്നുമുള്ള ആരോപണങ്ങള്‍ പേറി എ വി ജോര്‍ജ്ജ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു. നിലവില്‍ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറായ ഐജി റാങ്കിലുള്ള ജോര്‍ജ്ജ് ഈ മാസം 31നാണ് വിരമിക്കുന്നത്.

വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കരിനിഴല്‍ പരത്തുമ്പോഴും ഈ ഉദ്യോഗസ്ഥന്‍ ഭരണക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. കേരളത്തില്‍ വിവാദ പോലിസ് വേട്ട എവിടെ അരങ്ങേറിയാലും അവിടെയൊക്കെ എ വി ജോര്‍ജെന്ന പോലിസ് ഉദ്യോഗസ്ഥന്റെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമുണ്ടായിരുന്നു എന്നതാണു ചരിത്രം. കേരളത്തില്‍ ഇതിനകം അരങ്ങേറിയ കുപ്രസിദ്ധ പോലിസ് വേട്ടകളുടെയെല്ലാം തലപ്പത്ത് എ വി ജോര്‍ജായിരുന്നു എന്നത് ആകസ്മികമല്ല.

മുസ്‌ലിംകളെ ഭീകര മുദ്രചാര്‍ത്തി ജയിലിലടക്കുകയും കോടതികളില്‍ തകര്‍ന്നടിയുകയും ചെയ്ത ഒട്ടേറെ കേസുകളുടെ പിന്നില്‍ എ വി ജോര്‍ജ്ജാണ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റ്, അന്‍വാര്‍ശ്ശേരി യതീം ഖാനയിലെ 'തീവ്രവാദ' റെയ്ഡ്, പ്രഫ. പി കോയയെ കശ്മീര്‍ ഭൂപടത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത സംഭവം, ബീമാപള്ളി വെടിവെപ്പിനു പിന്നിലെ ആരോപണ വിധേയവും അദൃശ്യവുമായ സാന്നിധ്യം, കുമളിയില്‍ കശ്മീരുകാരനായ അല്‍ത്താഫ് എന്ന കമ്പിളിക്കച്ചവടക്കാരനെ ഭീകരമുദ്ര ചാര്‍ത്തി ജയിലിലടച്ച കേസ്, സൂഫിയാ മഅ്ദനിയെ പ്രതി ചേര്‍ത്ത കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് തുടങ്ങി മുസ്‌ലിം സമുദായത്തിനെതിരേ പൊതു സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കും വിധം വാര്‍ത്താ പ്രാധാന്യം നേടിയ കേസുകളുടെ അരങ്ങിലും അണിയറയിലും നിറഞ്ഞാടിയത് എ വി ജോര്‍ജ് ആയിരുന്നു.

1990കളുടെ തുടക്കത്തില്‍ കോഴിക്കോട് കസബ പോലിസ് സബ് ഇന്‍സ്‌പെക്ടറായി എത്തിയതോടെയാണ് പോലിസ് വേട്ടകളിലേക്കും അതിന്റെ വിവാദങ്ങളിലേക്കുമുള്ള ജോര്‍ജിന്റെ പടയോട്ടമാരംഭിച്ചത്. 1992ല്‍ മുതലക്കുളം മൈതാനത്ത്‌നടത്തിയ ഒരു പ്രസംഗവുമായി ബന്ധപ്പെട്ട സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന കേസില്‍ 1998 മാര്‍ച്ച് 31ന് എറണാകുളത്ത് കലൂരിലെ വസതിയില്‍നിന്ന് മഅദനിയെ അറസ്റ്റ് ചെയ്തത് എ വി ജോര്‍ജ് ആണ്. ഇകെ നായനാര്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി.

പ്രഫ. പി കോയ ഓണററി എഡിറ്ററായിരുന്ന കോഴിക്കോട് കലിമ ബുക്‌സ് പ്രസിദ്ധീകരിച്ച ഇസ്‌ലാം വിജ്ഞാനകോശത്തില്‍ കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ബിജെപി അനുകൂല സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് എവി ജോര്‍ജ് പ്രഫ. പി കോയക്കെതിരേ കേസെടുത്തു. 2002 ജനുവരിയില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയിലടക്കുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, പ്രാഥമിക ഘട്ടത്തില്‍ തന്നെ കേസ് കോടതി തള്ളുകയും പ്രഫ. കോയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും അദ്ദേഹത്തിന് ഇക്കാലയളവിലുള്ള ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും തിരികെ നല്‍കുകയും ചെയ്തു.

2009ല്‍ തിരുവനന്തപുരം ബിമാപ്പള്ളിയില്‍ ആറു മുസ്‌ലിംകളെ വെടിവയ്പിലുടെ പോലിസ് കൂട്ടക്കൊല ചെയ്ത ദിവസം ഔദ്യോഗിക ചുമതലകളൊന്നുമില്ലാതിരുന്നിട്ടും എ വി ജോര്‍ജ് തലസ്ഥാനത്തുണ്ടായിരുന്നത് വലിയ വിവാദമുയര്‍ത്തി. അദ്ധേഹം ക്യാംപ് ചെയ്തു കരുക്കള്‍ നീക്കിയെന്ന ആരോപണവും നിലനില്‍ക്കുന്നു.

പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ ആര്‍എസ്എസ്സുകാര്‍ ഭീകരമായി മര്‍ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റവര്‍ക്കെതിരേ കേസെടുക്കാന്‍ എ വി ജോര്‍ജ് നിര്‍ദേശിച്ചതും വിവാദമായി. തീവ്രവാദ മുദ്രചാര്‍ത്തി എറണാകുളം പീസ് സ്‌കൂള്‍ അടപ്പിച്ചതും മുജാഹിദ് പ്രഭാഷകന്‍ എം എം അക്ബറിനെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശിച്ചതും ഈ പോലിസുദ്യോഗസ്ഥന്‍ തന്നെ.

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ എ വി ജോര്‍ജിന്റെ പേരും പങ്കാളിത്തവും പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും നടപടി സസ്‌പെന്‍ഷനിലൊതുങ്ങി. കേസില്‍ അറസ്റ്റിലായ മൂന്നു പോലിസുകാര്‍ ഉള്‍പ്പെട്ട പ്രത്യേക ടൈഗര്‍ ഫോഴ്‌സിന്റെ തലവനായിരുന്നു എ വി ജോര്‍ജ്. അദ്ദേഹത്തിന്റെ അറിവോടെയാണു ശ്രീജിത്തിനെ ആളുമാറി വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം.

സസ്‌പെന്‍ഷന്‍ കാലാവധി തീരുമുമ്പേ എ വി ജോര്‍ജിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്ത സര്‍ക്കാര്‍ സുപ്രധാന പദവിയും നല്‍കി. പറവൂരില്‍ യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരേ എടുത്തതടക്കമുള്ള നിരവധി യുഎപിഎ കേസുകള്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന സമയത്ത് എ വി ജോര്‍ജ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവും എ വി ജോര്‍ജിനെതിരെയുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് കോഴിക്കോട്ട് സിപിഎമ്മുകാരായ അലനെതിരേയും, ത്വാഹക്കെതിരെയും മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തിലും സിറ്റി പോലിസ് കമ്മീഷണറായ എ വി ജോര്‍ജ് വാര്‍ത്തകളില്‍ ഇടം നേടിയിരിയത്. ആര്‍എസ്എസ്സിന്റെ നോട്ടപ്പുള്ളിയായ പോലിസുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉമേഷ് വള്ളിക്കുന്ന് എ വി ജോര്‍ജിന്റേയും നോട്ടപ്പുള്ളിയായത് മറ്റൊരു വിവാദം. ഉമേഷ് വള്ളിക്കുന്നിന്റെ സസ്‌പെന്‍ഷനു പിന്നില്‍ എ വി ജോര്‍ജിന്റെ കുടിപ്പകയും ബാഹ്യ താല്‍പര്യങ്ങളുമാണെന്ന വിവരങ്ങളാണ് പുറത്തു വന്നത്.

പോലിസില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ധിച്ചുവെന്ന എന്ന ആക്ഷേപം ശക്തമായതിനിടയിലാണ് ആര്‍എസ്എസിന്റെ നോട്ടപ്പുള്ളിയായ സിവില്‍ പോലിസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്നിനെതിരേ നടപടി വന്നത്. ശബരി മല ഹര്‍ത്താലിന്റെ പേരില്‍ കോഴിക്കോട് മിഠായി തെരുലില്‍ ആര്‍എസ്എസ്സുകാര്‍ അഴിഞ്ഞാടുമ്പോള്‍ പോലിസ് നോക്കി നിന്നതിനെതിരേ ഉമേഷ് പരസ്യമായി പ്രതികരിച്ചിരുന്നു. തുടര്‍ന്നങ്ങോട്ട് വകുപ്പു തല നടപടികളുടെ പീഡന പരമ്പര.

പ്രശസ്ത ഗായികയും മ്യൂസിക് കംപോസറുമായ യുവതിയെ ഫ്‌ലാറ്റെടുത്തു നല്‍കി താമസിപ്പിച്ച് അസാന്‍മാര്‍ഗ്ഗിക പ്രവൃത്തിയിലേര്‍പ്പെട്ടു എന്ന വ്യാജ പരാതി ഉണ്ടാക്കിയായിരുന്നു പീഡനം. ഉമേഷ് വള്ളിക്കുന്നിനെ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. എന്നാല്‍, പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തു വന്നത് ജോര്‍ജ്ജിന് തിരിച്ചടിയായി. സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി എത്തി. വനിതാ പോലിസുകാര്‍ പോലുമില്ലാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയും പോലിസുകാരനും താന്‍ ഒറ്റക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറുകയും പറയാത്ത കാര്യങ്ങള്‍ മൊഴിയിലുള്‍പ്പെടുത്തി ബലമായി ഒപ്പുവയ്പിക്കുകയും ചെയ്തുവെന്നാണ് ഗായിക വെളിപ്പെടുത്തിയത്.

പോലിസ് ഉണ്ടാക്കിയ വ്യാജ പരാതി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തുക വഴി കമ്മീഷണര്‍ എ വി ജോര്‍ജ്ജ് സ്ത്രീത്വത്തെ അപമാനിച്ചെന്നു കാണിച്ച് ഗായിക ഡിജിപിക്ക് പരാതിയും നല്‍കി. ശബരിമല സമരത്തിന്റെ മറവില്‍ ആര്‍എസ്എസ്സുകാര്‍ കോഴിക്കോട് മിഠായി തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വര്‍ഗ്ഗീയ ലഹളക്കൊരുങ്ങി അഴിഞ്ഞാടുകയും ചെയ്ത സംഭവത്തില്‍ പോലിസിന്റെ വീഴ്ചക്കെതിരേ ഉമേഷ് ഫേസ് ബുക്കില്‍ പ്രതികരിച്ചതാണ് കാരണം.

മിഠായി തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍ തമ്പടിച്ച ആര്‍എസ്എസ്സുകാരാണ് അന്ന് കലാപ നീക്കവുമായി നഗര ഹൃദയ ഭാഗത്തിറങ്ങിയത്. മാരകായുധങ്ങളുമായി പോലിസിന്റെ കണ്‍മുന്നില്‍ ആര്‍എസ്എസ്സുകാര്‍ കൊലവിളിയും അക്രമങ്ങളുമായി മണിക്കൂറുകളോളം ഭീതി വിതച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പോലിസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേ വ്യാപാരികള്‍ ഒന്നടങ്കം രംഗത്തു വന്നു. എന്നാല്‍, മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ലെന്നായിരുന്നു അന്നത്തെ പോലിസ് കമ്മീഷണറുടെ വിശദീകരണം. പോലിസ് വാദത്തെ ശക്തമായി നിഷേധിച്ചും ആര്‍എസ്എസ് ഭീകരത തുറന്നു കാട്ടിയുമാണ് ഉമേഷ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.

എ വി ജോര്‍ജ് നേരത്തെ കോഴിക്കോട് പോലിസ് മേധാവിയായിരുന്ന സമയത്തെ ചില സംഭവങ്ങളും പ്രതികാര നടപടിക്കു കാരണമായെന്നാണ് ഉമേഷിന്റെ സുഹൃത്തുക്കള്‍ ഇന്നും വിശ്വസിക്കുന്നത്. ഉമേഷിന്റെ നേതൃത്വത്തില്‍ നൂറുപേര്‍ ആയിരം രൂപ വീതമെടുത്ത് 2015ല്‍ ലഹരിമരുന്നിനെതിരേ ഒരു ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു. ഇതേ സമയത്തു തന്നെ കോഴിക്കോട് സിറ്റി പോലിസ് ഒരു പ്രമുഖ ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മയക്കുമരുന്നിനെതിരേ ഡോക്യുമെന്ററി തയാറാക്കുന്നുണ്ടായിരുന്നു. നേരത്തെ നിര്‍മാണം പൂര്‍ത്തിയായ ഉമേഷിന്റെ നേതൃത്വത്തിലുള്ളവരുടെ ഡോക്യുമെന്ററി ആ വര്‍ഷം ജനുവരി ആറിന് പ്രകാശനം നിശ്ചയിച്ചു. അടുത്ത ദിവസം പോലിസ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിനാല്‍ ഉമേഷിനോട് ഡോക്യുമെന്ററിയുടെ പ്രകാശനം നീട്ടിവെക്കാന്‍ എ വി ജോര്‍ജ്ജ് ആവശ്യപ്പെട്ടെങ്കിങ്കിലും വഴങ്ങിയില്ല. ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായും പിന്നീട് ആക്ഷേപമുയര്‍ന്നു. പത്തു ലക്ഷത്തോളം രുപ ബന്ധപ്പെട്ട പോലിസ് മേധാവി അധികമായി കൈപറ്റിയെന്നായിരുന്നു പ്രചാരണം. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഒരു കള്ളക്കടത്തു വിവാദത്തിന്റെ അന്വേഷണം പ്രമുഖ ജ്വല്ലറിയിലേക്കെത്താതെ അട്ടിമറിഞ്ഞെന്ന ആക്ഷേപവും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ജ്വല്ലറിയുടെ സഹായത്തോടെ നടന്ന ഡോക്യുമെന്ററി നിര്‍മ്മാണത്തെക്കുറിച്ച് വിവരാവകാശനിയമ പ്രകാരം നല്‍കിയ നോട്ടിസിന് വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

Tags:    

Similar News