ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം: സഭാ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം

കെസിബിസി, സിബിസിഐ പോലുള്ള സഭയുടെ ഔദ്യോഗിക പ്രതികരണ സമിതികള്‍ സ്റ്റാന്‍ സ്വാമി വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ല.പ്രതികരണങ്ങള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങി. ആ ദാരുണാന്ത്യത്തിനു ശേഷം സഭാവേദികളില്‍ നിറയുന്ന സ്തുതിയും പുകഴ്ചയും സ്റ്റാന്‍ സ്വാമിക്ക് ഇനി പ്രയോജനകരമെല്ലന്നു മാത്രമല്ല, മനുഷ്യാവകാശ പോരാട്ടങ്ങളിലും ദലിത്-ആദിവാസി സമുദ്ധാരണ ശ്രമങ്ങളിലും ഔദ്യോഗികസഭയുടെ 'നിലപാടി'നെ തിരിഞ്ഞു കുത്തുന്നുമുണ്ട്

Update: 2021-07-08 11:38 GMT

കൊച്ചി: ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.കെസിബിസി, സിബിസിഐ പോലുള്ള സഭയുടെ ഔദ്യോഗിക പ്രതികരണ സമിതികള്‍ സ്റ്റാന്‍ സ്വാമി വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ല എന്ന ആക്ഷേപമുണ്ടെന്ന് എറണാകുളം-അങ്കമാലി അതൂരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശനം.കൊവിഡ് പ്രോട്ടോക്കോള്‍ പരസ്യ പ്രതിഷേധത്തിന് പരിമിതിയാകുമ്പോഴും ഭരണതലത്തില്‍ സമ്മര്‍ദ്ദശക്തിയാകാനോ അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ അടിയന്തിരശ്രദ്ധയില്‍ ഈ സംഭവത്തെ സജീവമായി നിലനിര്‍ത്താനോ ഉള്ള ശക്തമായ ശ്രമമൊന്നും സഭാതലത്തില്‍ നടന്നില്ല എന്നതാണ് വാസ്തവം.

പ്രതികരണങ്ങള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങി. ആ ദാരുണാന്ത്യത്തിനു ശേഷം സഭാവേദികളില്‍ നിറയുന്ന സ്തുതിയും പുകഴ്ചയും സ്റ്റാന്‍ സ്വാമിക്ക് ഇനി പ്രയോജനകരമെല്ലന്നു മാത്രമല്ല, മനുഷ്യാവകാശ പോരാട്ടങ്ങളിലും ദലിത്-ആദിവാസി സമുദ്ധാരണ ശ്രമങ്ങളിലും ഔദ്യോഗികസഭയുടെ 'നിലപാടി'നെ അതു തിരിഞ്ഞു കുത്തുന്നുമുണ്ടെന്നും സത്യദീപത്തിലെ ഫാസിസത്തിന്റെ വധക്രമം എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

അവര്‍ ഒരാളെക്കൂടി കൊന്നു. ഭീമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് മാസങ്ങളായി അന്യായതടവിലായിരുന്ന എണ്‍പത്തിനാലുകാരനായ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയിന്മേല്‍ മുംബൈ ഹൈക്കോടതിയില്‍ വാദം തുടരുമ്പോഴായിരുന്നു ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഇരയായി ദാരുണാന്ത്യം.സ്റ്റാന്‍ സ്വാമി മരിച്ചുവെന്നത് സാങ്കേതികം മാത്രമാണ്. അദ്ദേഹം 'കൊല്ലപ്പെട്ടതാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

കൊവിഡ് ബാധിതനായായിരുന്നു വിയോഗമെങ്കിലും, നീതി ന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് നയത്തിന്റെ ദയനീയ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി മാറിത്തീര്‍ന്നു എന്നതാണ് വാസ്തവം. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെങ്കിലും അതൊരു കസ്റ്റഡി കൊലപാതകം തന്നെയാണ്.അദ്ദേഹത്തിന് കൊവിഡ് വാക്സിന്‍ പോലും ലഭിച്ചിരുന്നില്ല എന്നറിയുമ്പോഴാണ് മനുഷ്യാവകാശലംഘനങ്ങളുടെ ഭീകരമുഖം നമുക്ക് മുമ്പില്‍ വെളിപ്പെടുന്നതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.ബാന്ദ്ര സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ യഥാര്‍ഥത്തില്‍ തണുത്തുറഞ്ഞു കിടന്നത് ജനാധിപത്യ ഇന്ത്യയുടെ നിശ്ചലശരീരമായിരുന്നു.

പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റനിസ്ലാവോസ് ലൂര്‍ദ് സ്വാമിയെന്ന കത്തോലിക്കാ സഭയിലെ ഈശോസഭാ വൈദികന്റെ മരണം ജനാധിപത്യ ഭാരതത്തിന് നാണക്കേടാണ്. 2018-ല്‍ മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത് ഭീമ കൊറോഗാവ് കേസില്‍ സമര്‍പ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണ് മാവോവാദി ബന്ധം ആരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി എന്‍ഐഎ 2020 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. സുരക്ഷാഭീഷണിയുടെ മറവിലാണ് ഇത്തരം ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ അവയുടെ ആസുരസ്വഭാവത്തെ വെളിപ്പെടുത്തി വെളിയിലെത്തുന്നത്.

കുറ്റകരമായ വൈപുല്യവും കാര്യമായ അവ്യക്തതയുമുള്ള ഈ നിയമം മൗലികാവകാശങ്ങള്‍ കവരാന്‍ സര്‍ക്കാരിന് അവകാശം കൊടുക്കുന്നുവെന്നതാണ് വാസ്തവം. 2015-ല്‍ റദ്ദാക്കിയ വിവര സാങ്കേതിക നിയമത്തിലെ 66എ വകുപ്പു ചുമത്തി ആയിരക്കണക്കിനു കേസുകള്‍ എടുത്ത സംഭവത്തില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി രേഖപ്പെടുത്തിയ നടുക്കവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.ജയിലില്‍ താന്‍ മരിച്ചുപോകുമെന്നും പാര്‍ക്കിന്‍സണ്‍സ് രോഗിയായ തനിക്ക് വെള്ളം കുടിക്കാന്‍ ഒരു സ്ട്രോ അനുവദിക്കണമെന്നുള്ള ആ 84-കാരന്റെ ദയനീയ വിലാപം ഫാസിസ്റ്റ് ഭരണകൂടം ചെവികൊണ്ടില്ല.

ജാര്‍ഖണ്ഡിലെ പാവപ്പെട്ട ആദിവാസികളുടെ മണ്ണിനും മാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഈ വൈദികശ്രേഷ്ഠനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കിലടച്ചപ്പോള്‍ യഥാര്‍ഛഥത്തില്‍ തടവിലാക്കപ്പെട്ടത് ഈ നാട്ടിലെ സാധാരണക്കാരന്റെ പൗരാവകാശങ്ങള്‍ തന്നെയാണ്.ജനാധിപത്യ ഇന്ത്യ എവിടെ എന്ന അടിസ്ഥാന ചോദ്യത്തെ നിശബ്ദമാക്കാന്‍ നമുക്ക് നല്‍കപ്പെടുന്ന താല്‍്ക്കാലിക മുട്ടുശാന്തികളില്‍ മുട്ടുമടങ്ങുമ്പോള്‍ സ്റ്റാന്‍ സ്വാമിമാര്‍ ജയിലില്‍ മരിക്കും

ആക്ടിവിസ്റ്റ് എന്നാല്‍ ആന്റി-സോഷ്യല്‍ എന്ന ഫാസിസ്റ്റ് നിര്‍വചന നിര്‍മ്മിതിയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി. വരവര റാവുവിനെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊണ്ട് ഭാരതത്തിലെ ജയിലുകള്‍ നിറയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയെന്ന വിലാസം തന്നെ ഭാരതത്തിന് നഷ്ടമാവുന്നു. വ്യത്യസ്തതയും വിയോജിപ്പും വിരുദ്ധയുക്തിയാകുന്ന ഫാസിസ്റ്റ് ഭരണനിര്‍മ്മിതിയില്‍ ജനാധിപത്യ ധ്വംസനം സ്വാഭാവികമാണ്.

ജയിലിലേക്കു പോകുംമുമ്പ് 2020 ഒക്ടോബര്‍ 6-ന് പൊതുസമൂഹത്തിന് അദ്ദേഹം നല്‍ിയ വീഡിയോ സന്ദേശത്തില്‍ തനിക്ക് സംഭവിക്കുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും അതു പുതിയ ഇന്ത്യയുടെ പുതിയകഥയാണെന്നും സ്വാമി വിശദീകരിച്ചു. വിയോജിപ്പും വിമര്‍ശനവും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുമ്പോഴും എതിരു പറയുന്നവരെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരത ഇന്ത്യയില്‍ തുടരുമ്പോള്‍ ഇനിയും സ്റ്റാന്‍സ്വാമിമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ പ്രസംഗം അവസാനിക്കുന്നത്.

Tags:    

Similar News