ഭീമ കൊറേഗാവ് കേസ്: ആക്ടിവിസ്റ്റുകളെ കുടുക്കിയത് സൈബര്‍ നുഴഞ്ഞുകയറ്റക്കാര്‍; ലാപ് ടോപ്പില്‍ സ്ഥാപിച്ചത് 32 ഡോക്യൂമെന്റുകള്‍

ഫെബ്രുവരിയില്‍ ആര്‍സനല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ 10 ലെറ്ററുകള്‍ ലാപ്‌ടോപ്പില്‍ സ്ഥാപിച്ചതായി പറഞ്ഞിരുന്നു. 22 പുതിയ ഡോക്യൂമെന്റുകള്‍ കൂടി കണ്ടെത്തിയതായി ആര്‍സനലിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2021-04-21 12:41 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വകവരുത്താന്‍ പദ്ധതി, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ നീക്കം എന്നിവയടക്കമുള്ള അതീവഗൗരവ കുറ്റങ്ങള്‍ ചുമത്തി 16 ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട യുഎസ് സൈബര്‍ വിദഗ്ധര്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടു. ആക്ടിവിസ്റ്റുകളുടെ ലാപ്‌ടോപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റക്കാര്‍ തെളിവുകള്‍ സ്ഥാപിക്കുകയായിരുന്നെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു. ഇതിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ടാണ് വാഷിങ്ടണ്‍ പോസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചത്.

ലാപ്‌ടോപ്പില്‍ കണ്ടെത്തിയ രേഖകള്‍ തെളിവാക്കിയാണ് മലയാളി റോണ വില്‍സന്‍ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും കുറ്റങ്ങള്‍ ചുമത്തിയതും. എന്നാല്‍, തെളിവുകളായി അന്വേഷണസംഘം ആരോപിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റക്കാര്‍ സ്ഥാപിച്ചതാണെന്നാണ് യുഎസ്സിലെ ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് സ്ഥാപനമായ ആര്‍സനല്‍ കണ്‍സല്‍ട്ടിങ്ങിന്റെ കണ്ടെത്തല്‍. 32 ഡോക്യൂമെന്റുകളാണ് സൈബര്‍ നുഴഞ്ഞുകയറ്റക്കാര്‍ ലാപ്‌ടോപ്പില്‍ സ്ഥാപിച്ചതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ ആര്‍സനല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ 10 ലെറ്ററുകള്‍ ലാപ്‌ടോപ്പില്‍ സ്ഥാപിച്ചതായി പറഞ്ഞിരുന്നു. 22 പുതിയ ഡോക്യൂമെന്റുകള്‍ കൂടി കണ്ടെത്തിയതായി ആര്‍സനലിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ ആര്‍സനല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അറസ്റ്റിലായ 16 പേരെയും വിട്ടയയ്ക്കണമെന്നും സൈബര്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും തെളിവുകള്‍ കെട്ടിച്ചമച്ചതിനെക്കുറിച്ചും അന്വേഷണം പ്രഖ്യാപിക്കണമെന്നും അഭ്യര്‍ഥിച്ച് റോണ വില്‍സന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയില്‍ നിന്നോ, ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച, ഡിജിറ്റല്‍ ഫൊറന്‍സിക് വിശകലനത്തില്‍ വൈദ്യഗ്ധ്യമുള്ള ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് അപേക്ഷ.

കേസിലെ മറ്റു പ്രതികളായ തെലുങ്കു കവി വരവരറാവു (80), ഡല്‍ഹി സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായ മലയാളി ഹനി ബാബു എന്നിവരുടെ കുടുംബങ്ങളും, വൈദികനായ സ്റ്റാന്‍ സ്വാമി (83) പ്രതിനിധീകരിക്കുന്ന ഈശോസഭയും തെളിവുകള്‍ കെട്ടിച്ചമച്ചതിനെക്കുറിച്ച് ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുന്നു.

അതേസമയം, കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ആര്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു. യുഎസ്സിലെ സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോഴത്തേതെന്നും ഔദ്യോഗിക ഏജന്‍സിയല്ലെന്നും അദ്ദേഹം ന്യായീകരിച്ചു. റോണ വില്‍സന്റെ ആവശ്യമനുസരിച്ചുള്ള പരിശോധനയാണ് അവര്‍ നടത്തിയതെന്നും ഫഡ്‌നാവിസ് പറയുന്നു.

ബിജെപി നേതാവായ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് റോണ വില്‍സന്‍ അടക്കം 10 പേരെ പുണെ പോലിസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കൂടുതല്‍ മേഖലകളിലേക്കും യുവാക്കള്‍ക്കിടയിലേക്കും മാവോസിറ്റ് വേരോട്ടം ശക്തിപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നതായും അറസ്റ്റ് വേളയില്‍ പോലിസ് ആരോപിച്ചിരുന്നു.

ഭീമകൊറേഗാവ് കേസ്

മഹാരാഷ്ട്രയിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് സേന മറാഠ സൈനികര്‍ക്ക് മേധാവിത്വമുള്ള പേഷ്വ രാജാക്കന്‍മാരെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികാചരണം പുണെയിലെ ഭീമകൊറേഗാവില്‍ നടക്കാറുണ്ട്. ആ ദലിത് പോരാട്ടവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാചരണം 2018 ജനുവരി 1ന് നടക്കവെയുണ്ടായ സംഘര്‍ഷമാണ് ഇപ്പോഴത്തെ ഭീമകൊറേഗാവ് കേസിന് ആധാരം. അതിന്റെ തലേന്ന് സംഘടിപ്പിച്ച ദലിത് സംഗമപരിപാടിയായ എല്‍ഗാര്‍ പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കലാപത്തിലേക്കു നയിച്ചതെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ ഹിന്ദുസംഘടനാ നേതാക്കളായ മിലിന്ദ് ഏക്‌ബൊഡെ, സംഭാജി ഭിഡെ തുടങ്ങിയവരാണ് കലാപത്തിനു പിന്നിലെന്നാണ് ആദ്യഘട്ടത്തിലുയര്‍ന്ന ആരോപണം. പിന്നീടാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റുകള്‍ നടക്കുന്നത്.

2018 ജൂണ്‍ ആദ്യവാരമാണ് റോണ വില്‍സന്‍ അടക്കം 5 പേരെ അറസ്റ്റ് ചെയ്തത്. 'മോദി രാജ്' അവസാനിപ്പിക്കാന്‍ 'രാജീവ് ഗാന്ധി മോഡല്‍' ആവശ്യമാണെന്ന പരാമര്‍ശങ്ങള്‍ ഉള്ളവയടക്കം ആയിരത്തിലേറെ രേഖകള്‍ ഇവരില്‍നിന്നു കണ്ടെടുത്തെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മഹാരാഷ്ട്ര പോലിസ് അറിയിച്ചത്.

ദലിതരെ കൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ നീക്കം നടത്താന്‍ ആഹ്വാനം ചെയ്യുന്ന കത്തുകള്‍, കൈവശമുള്ളതും ഇനി ആവശ്യമുള്ളതുമായ ആയുധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി നേതാക്കളുമായി നടത്തിയ കത്തിടപാടുകള്‍, ചില 'വലിയ നടപടികള്‍' വേണമെന്നതു സംബന്ധിച്ച കുറിപ്പുകള്‍, ഇമെയിലുകള്‍, യോഗങ്ങളുടെ മിനിറ്റ്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ കണ്ടെത്തിയ രേഖകളില്‍ ഉള്‍പ്പെടുമെന്നാണ് അന്ന് പോലിസ് അവകാശപ്പെട്ടത്.

മനുഷ്യാവകാശപ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയില്‍ സംശയം പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നെങ്കിലും കൂടുതല്‍ അറസ്റ്റുമായി അന്വേഷണം മുന്നോട്ടു നീങ്ങി. ഇതിനിടെയാണ് 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. ഫഡ്‌നാവിസ് സര്‍ക്കാര്‍ പുറത്താവുകയും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരം പിടിക്കുകയും ചെയ്തതോടെ ഭീമ കൊറേഗാവ് കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. എന്നാല്‍, ഇതിനിടെ സംസ്ഥാന സര്‍ക്കാരിനോടു പോലും ആലോചിക്കാതെ കേന്ദ്രം കേസ് എന്‍ഐഎയ്ക്കു കൈമാറി.

കേസ് എന്‍ഐഎ രായ്ക്കുരാമാനം എന്‍ഐഎക്ക് കൈമാറിയത് പല സംയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിതുറന്നെങ്കിലും മഹാരാഷ്ട്ര അക്കാര്യത്തില്‍ പിന്നീട് കേന്ദ്രവുമായി ഏറ്റുമുട്ടലിനു പോയില്ല. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഫാ. സ്റ്റാന്‍ സ്വാമിയടക്കമുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം രാജ്യത്ത് അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാമിക്ക് പണം ലഭിച്ചിരുന്നെന്നാണ് ആരോപണം. എന്നാല്‍, ഭീമ കൊറേഗാവ് കലാപ പ്രദേശം കണ്ടിട്ടുപോലുമില്ലെന്ന് അദ്ദേഹം പറയുന്നു.

Tags:    

Similar News