മുംബൈ: ആരോഗ്യ കാരണങ്ങളാല്‍ ബോംബെ ഹൈക്കോടതി ആറുമാസത്തേക്ക് ജാമ്യം അനുവദിച്ച കവിയും ആക്ടിവിസ്റ്റുമായ വരവര റാവു ആശുപത്രി വിട്ടു. ഇന്ന് രാത്രി 11.45നാണ് മുംബൈ നാനാവതി ആശുപത്രിയില്‍ നിന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 'അവസാനം മോചനം'. 2021 മാര്‍ച്ച് 6 ന് രാത്രി 11.45 ന് നാനാവതി ആശുപത്രിയില്‍ നിന്ന് വരവര റാവു പുറത്തേക്ക്'. ഇന്ദിര ജെയ്‌സിങ് ട്വീറ്റ് ചെയ്തു.
ഭീമാകൊറേഗാവ് കേസില്‍ രണ്ടുവര്‍ഷത്തിലധികമായി തടവില്‍ കഴിയുകയായിരുന്നു വരവര റാവു. ആരോഗ്യ കാരണങ്ങളാല്‍ ബോംബെ ഹൈക്കോടതി ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചു.
മുംബൈയില്‍ തുടരാനും ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണത്തിന് ഹാജരാകാനും റാവുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കണം. കൂടാതെ കേസിലെ കൂട്ടുപ്രതികളുമായി യാതൊരു ബന്ധവും സ്ഥാപിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ വിചാരണ കാത്തിരിക്കുന്ന അദ്ദേഹം 2018 ആഗസ്ത് 28 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. റാവുവിന് ആരോഗ്യ കാരണത്തിന്‍മേല്‍ ജാമ്യം നല്‍കിയില്ലെങ്കില്‍, മനുഷ്യാവകാശ തത്വങ്ങള്‍ സംരക്ഷിക്കാനുള്ള കടമയും ആരോഗ്യത്തോടെ ജീവിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശങ്ങളും ലംഘിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഈ മാസം ആദ്യം, അദ്ദേഹത്തിന്റെ അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ് വഴിയാണ് ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ 365 ദിവസത്തില്‍ 149 ദിവസവും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം റാവു ആശുപത്രിയിലാണ് കഴിഞ്ഞിരുന്നത്.